അപകീർത്തിപ്പെടുത്തിയെന്ന അൻസിബ ഹസന്റെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
text_fieldsകൊച്ചി: അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. എറണാകുളം മജിസ്ട്രേട്ട് കോടതിയാണ് അൻസിബയുടെ ഹരജി പരിഗണിച്ചത്. നേരത്തെ അൻസിബയുടെ പരാതി വീണ്ടും കേൾക്കാനും കേസെടുക്കേണ്ട കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഹൈകോടതി മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകിയിരുന്നു. കേസെടുക്കാൻ പാലാരിവട്ടം പൊലീസിനാണ് നിർദേശം നൽകിയത്.
യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അൻസിബയുടെ ആരോപണം. മദ്യപിക്കാറുണ്ടെന്നും രാത്രി വൈകി മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും ലക്ഷ്മിപ്രിയ വിഡിയോയിലൂടെ പറഞ്ഞതായി അൻസിബ ഹരജിയിൽ ചൂണ്ടിക്കാട്ടി.
യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും അൻസിബ പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടാകാത്തതിനെ തുടർന്ന് എറണാകുളം മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേട്ട് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അൻസിബ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി വീണ്ടും പരിഗണിക്കാൻ ഹൈകോടതി മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകിയത്.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റകൃത്യമില്ലെന്ന് കോടതി മുമ്പ് പറഞ്ഞിരുന്നത്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ പരാതിയിൽ നേരത്തെ പാലാരിവട്ടം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. ഇതിനെത്തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

