Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മി​ന്ന​ൽ മ​ഴ; കെടുതിയിൽ ഹൈറേഞ്ച്; ദുരിതാശ്വാസ ക്യാമ്പിൽ അഞ്ച് കുടുംബങ്ങൾ

text_fields
bookmark_border
മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം ന​ട​ത്തി
മി​ന്ന​ൽ മ​ഴ; കെടുതിയിൽ ഹൈറേഞ്ച്; ദുരിതാശ്വാസ ക്യാമ്പിൽ അഞ്ച് കുടുംബങ്ങൾ
cancel
camera_alt

മണ്ണിടിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കാരത്തിനായി കൊട്ടക്കാമ്പൂരിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും

അന്തിമോപചാരമർപ്പിക്കുന്നു

തൊടുപുഴ: ഞായറാഴ്ച ഉച്ചക്കുണ്ടായ മിന്നൽ മഴയിൽ ഹൈറേഞ്ചിൽ വ്യാപക നാശം. അടിമാലിയടക്കമുള്ള വിവിധ മേഖലകളിൽ നാശം റിപ്പോർട്ട് ചെയ്തു. പഴമ്പിള്ളിച്ചാലിൽ ഉരുൾപൊട്ടി ഒരു വീട് ഒലിച്ചുപോയി. കല്ലുവെട്ടികുഴി ഷാജിയുടെ വീടിനു മുകളിലാണ് ഉരുൾപൊട്ടിയത്. സമീപത്തെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജി.എൽ.പി.എസ് പഴമ്പിള്ളിച്ചാലിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. എട്ട് സ്ത്രീകളും ആറ് പുരുഷന്മാരും മൂന്ന് കുട്ടികളും ഉൾപ്പെടെ 17 പേരാണ് ക്യാമ്പിലുള്ളത്. വൈകീട്ട് വട്ടവട, പീരുമേട് മേഖലകളിൽ പെയ്ത കനത്ത മഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായിരുന്നു. കൊട്ടക്കാമ്പൂരിൽ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിക്കുകയും ചെയ്തു.

അവലോകന യോഗം ചേർന്നു

മിന്നൽ മഴ ദുരിതത്തിന്റെ സാഹചര്യത്തിൽ ജില്ലയുടെ ചുമതലയുളള മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ദുരന്തബാധിതർക്ക് സമഗ്ര സഹായ പദ്ധതി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കും. പരിക്കേറ്റവരുടെ ചികിത്സാചെലവ് പൂർണമായും സർക്കാർ വഹിക്കും. ദേശീയപാത നിർമാണം നടക്കുന്നിടത്ത് മണ്ണിടിയാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അടിമാലി പഞ്ചായത്തിലെ ഉരുൾപൊട്ടലുണ്ടായ പഴമ്പിള്ളിച്ചാൽ പ്രദേശവും ദുരിതാശ്വാസ ക്യാമ്പും മന്ത്രി അനൂപ് ജേക്കബും സംഘവും സന്ദർശിച്ചു.

താൽക്കാലിക പാലം ഒരുക്കാൻ നിർദേശം

മഴവെള്ളപ്പാച്ചിലിൽ തകർന്ന കൊട്ടക്കാമ്പൂർ-തട്ടാമ്പാറ റോഡിലെ ചക്ലിനോട പാലത്തിന് പകരം താൽക്കാലിക സംവിധാനം ഒരുക്കാൻ നിർദേശം. പാലം തകർന്നതോടെ വട്ടവട തട്ടാമ്പാറ പ്രദേശത്ത് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. തകർന്ന പാലം എഫ്. രാജ എം.എൽ.എ, ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. പാലം പുനർനിർമാണത്തിന് അടിയന്തര നടപടിയെടുക്കുമെന്ന് ഇരുവരും പറഞ്ഞു.

ഉരുൾപൊട്ടലുണ്ടായ അടിമാലി പഴമ്പിള്ളിച്ചാലിൽ മന്ത്രി അനൂപ് ജേക്കബ് സന്ദർശിക്കുന്നു

മണ്ണിടിച്ചിലിൽ മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി

കൊട്ടക്കാമ്പൂരിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഷെഡ് തകർന്ന് മരിച്ച അമ്മൻകോവിൽ സ്വദേശി ബാലകൃഷണൻ, സഹോദരി ചിന്നമ്മാൾ എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. കൊട്ടക്കാമ്പൂർ പൊതുശ്മശാനത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നടന്ന സംസ്കാരച്ചടങ്ങുകളിൽ എഫ്. രാജ എം.എൽ.എ, ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഡെപ്യൂട്ടി കലക്ടർ ബിനു ജോസഫ്, ദേവികുളം തഹസിൽദാർ എൽ.എസ്. സന്തോഷ്കുമാർ, വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ രാജ്, വില്ലേജ് ഓഫിസർ ആർ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മരിച്ചവരുടെ ബന്ധുക്കൾക്ക് പതിനായിരം രൂപ വീതം അടിയന്തര സഹായധനം എഫ്. രാജ എം.എൽ.എ കൈമാറി. രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അന്തിമോപചാരമർപ്പിച്ചിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ രാവിലെ 11ഓടെ മന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയാണ് കൊട്ടക്കാമ്പൂരിലേക്ക് തിരിച്ചത്.

ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് പഴമ്പിള്ളിച്ചാൽ

അടിമാലി: പെട്ടെന്നുള്ള പേമാരിയിൽ വിറങ്ങലിച്ച് പഴമ്പിള്ളിച്ചാൽ. ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകരുകയും ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ശക്തമായ മഴ തുടങ്ങിയത്. എട്ടുമണിയോടെ മഴ കൂടുതൽ ശക്തമായി. പിന്നീട് വലിയ രീതിയിൽ പുരയിടങ്ങളിലും റോഡിലും വെള്ളം ഉയർന്നു. തുടർന്നാണ് സജിയുടെ വീട് ഉൾപ്പെടെ തകർത്തുകൊണ്ട് വലിയ ഉരുൾപൊട്ടിയത്. കൂടാതെ ഷാജിയുടെ വീടും തകർന്നു. ഇതോടെ വലിയ ആശങ്കയിലായി ഇവിടത്തുകാർ. ഉടൻതന്നെ സമീപത്തുള്ള ഏഴ് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നാട്ടുകാർതന്നെ മാറ്റി. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

1997ൽ 19 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തം ഏറ്റുവാങ്ങിയ ഇവിടെ അതിന്റെ ആവർത്തനമാകുമോ എന്നുപോലും ജനം ഭയപ്പെട്ടു. എന്നാൽ, രാത്രിതന്നെ മഴക്ക് ശമനമുണ്ടായതോടെയാണ് ഏവർക്കും ആശ്വാസമായത്. രണ്ടേക്കറോളം സ്ഥലമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ മുതൽ നേര്യമംഗലം വരെ പലയിടങ്ങളിലും മണ്ണിടിഞ്ഞുവീണു. റോഡിലൂടെ വെള്ളം കുത്തിയൊഴുകി. ഗതാഗതം തടസ്സപ്പെട്ടു. ദേവിയാർ കോളനിയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain in High Range; Five Families in Relief Camp
Next Story