ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും –മന്ത്രി കെ. മുരളീധരൻ
text_fieldsകാഞ്ഞങ്ങാട് ജില്ല വാക്സിൻ സ്റ്റോറിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു
കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കാഞ്ഞങ്ങാട് ജില്ല വാക്സിൻ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ നിന്ന് സർക്കാർ ഡോക്ടർമാരുടെ വ്യാപക സ്ഥലംമാറ്റം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ല ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഡി.എം.ഒ ഓഫിസ് ജില്ല വാക്സിൻ സ്റ്റോറിനോട് അനുബന്ധിച്ച കെട്ടിടത്തിൽ മാറ്റിസ്ഥാപിക്കുന്നതിന് മന്ത്രി നിർദേശം നൽകി. വാക്സിൻ സ്റ്റോറിന്റെ നിർമാണത്തിന് 1.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ നിർമാണത്തിന് അത്രയും തുക ആവശ്യമില്ല. ബാക്കി തുക വിനിയോഗിച്ച് കെട്ടിടം നിർമിക്കും. ജില്ല ആശുപത്രിയിലെ കാത്ത് ലാബ് ഒരാഴ്ചക്കുള്ളിൽ പ്രവർത്തനക്ഷമമാക്കും. ജില്ല ആശുപത്രിയിൽ സി.ടി സ്കാൻ സംവിധാനം ഉടൻ നടപ്പാക്കും. നിലവിലെ ഒഴിവിൽ ഉടൻ ന്യൂറോളജിസ്റ്റിനെ നിയമിക്കും. സർക്കാർ ആശുപത്രിയിൽ എം.ആർ.ഐ സ്കാൻ സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മികച്ച ചികിത്സാസൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്കും ഉറപ്പുവരുത്തും. സർക്കാർ ആശുപത്രികളിൽ കാൻസർ പരിശോധനക്കുള്ള ടെസ്റ്റ് ക്യാൻ പദ്ധതി ആരംഭിക്കും. രണ്ടുമാസത്തിനുള്ളിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഇത് ഉദ്ഘാടനം ചെയ്യും. എൻ.എച്ച്.എം ജീവനക്കാരുടെ പ്രവർത്തനം രണ്ടുമാസംകൂടി നീട്ടിനൽകുമെന്ന് മന്ത്രി പറഞ്ഞു. വാക്സിൻ സ്റ്റോർ രണ്ടാഴ്ചക്കകം പൂർണ പ്രവർത്തനസജ്ജമാക്കണം. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. രേഖ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനവി, കൗൺസിലർ പി.വി. ചന്ദ്രൻ, ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ ധന്യ ദയാനന്ദൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. രാജേഷ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ. മനീഷ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.കെ. ഫൈസൽ, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, എ. ദാമോദരൻ, അഡ്വ. നിസാം ഫലാഹ്, കെ.എം. ചാക്കോ, ഹരീഷ് ബി. നമ്പ്യാർ, ടി.വി. ഉമേശൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി.വി. രമേശൻ സ്വാഗതവും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ നന്ദിയും പറഞ്ഞു.

