ചിക്കന്‍പോക്സ് ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്
text_fieldsതൊടുപുഴ: ജില്ലയില്‍ ചിക്കന്‍ പോക്സ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍നിന്ന് അണുബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക.
ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകള്‍ ഉണങ്ങി രണ്ടുദിവസം വരെയും അണുബാധ പകരാനിടയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പൂർണ വിശ്രമം; ധാരാളം വെള്ളം കുടിക്കണം. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാലു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
രോഗബാധിതര്‍ക്ക് വായുസഞ്ചാരമുള്ള മുറിയില്‍ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കണം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

