അസമിൽ നടക്കുന്നത് വംശഹത്യ -സോളിഡാരിറ്റി
text_fieldsസോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ തൗഫീഖ് മമ്പാട്
കോഴിക്കോട്: ഫാഷിസ്റ്റ് ഭരണത്തിനുകീഴിൽ അസമിൽ നടക്കുന്നത് വംശഹത്യയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. ബുൾഡോസർ രാജിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കാനുള്ള യാത്രക്കിടെ ധുബ്രി ജില്ലയിൽ പൊലീസ് തടങ്കലിലായ അദ്ദേഹം മോചിപ്പിക്കപ്പെട്ട് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെയാണ് അസമിലെ ഹിന്ദുത്വ ഭരണകൂടം ബുൾഡോസർ രാജിലൂടെ കുടിയൊഴിപ്പിച്ചത്. മുസ്ലിംകളുടെ കടകളും വീടുകളും തകർത്തുകൊണ്ടിരിക്കുന്നു.
1950കൾ മുതൽ അസമിൽ താമസിക്കുകയും എല്ലാ രേഖകളുമുള്ള മുസ്ലിംകളും പൗരത്വം നിഷേധിച്ചു നാടുകടത്തപ്പെട്ടിട്ടുണ്ട്. എതിർക്കുന്നവരെ വെടിവെച്ചു കൊല്ലുന്നു. പുറംലോകത്തു നിന്ന് ആരെയും ഇരകളുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ല. ധുബ്രി, ലഖിംപൂർ, നൽബാരി, ഗോൾപുര തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായി കുടിയൊഴിപ്പിക്കൽ നടക്കുന്നത്.
ധുബ്രി ജില്ലയിൽ രണ്ടായിരത്തോളം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഗോൾപാറ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം മൂന്ന് സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ നടപടികളുണ്ടായി.
ഹസീല ബീൽ എന്ന പ്രദേശത്ത് 2025 ജൂൺ 16ന് 680ലധികം കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കി. അഷുഡുബി റവന്യൂ വില്ലേജിൽ ജൂലൈ 12ന് 1084 കുടുംബങ്ങളുടെ വീടുകൾ തകർക്കുകയും രാഖ്യാസിനി പ്രദേശത്ത് ആഗസ്റ്റ് 23ന് നിരവധി കടകൾ പൊളിച്ചുനീക്കുകയും ചെയ്തു.
ഭവനരഹിതരായ കുടുംബങ്ങൾ കാൻവാസ് ഷീറ്റുകൾക്ക് കീഴിലാണ് താമസിക്കുന്നത്. ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം ഒഴിപ്പിക്കൽ കാരണം മുടങ്ങിയിരിക്കുകയാണ്.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ടെന്നും തൗഫീഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. യാത്രാ സംഘത്തിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, പി.എം. സജീദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

