സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; നാല് പേർക്ക് കുത്തേറ്റു
text_fieldsപോത്തൻകോട് (തിരുവനന്തപുരം): സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടയിൽ നാല് പേർക്ക് കുത്തേറ്റു. അഞ്ചംഗ സംഘത്തിലെ ഒരാൾ മദ്യകുപ്പി പൊട്ടിച്ച് മറ്റ് നാലുപേരെയും കുത്തുകയായിരുന്നു. വയറിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തുമണിക്ക് പോത്തൻകോടിന് സമീപം വേങ്ങോടായിരുന്നു സംഭവം.
അഞ്ചംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തെ തുടർന്ന് പോത്തൻകോട് മണലകം സ്വദേശി ഗോപകുമാർ (37) അറസ്റ്റിലായി. വേങ്ങോട് സ്വദേശികളായ സുരേഷ്, രാജീവ്, അജിത്ത്, അജേഷ് എന്നിവർക്കാണ് കുത്തേറ്റത്.
സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോത്തൻകോട് എസ്.എച്ച്.ഒ മിഥുൻ, എസ്.ഐമാരായ രാജീവ്, രാജയ്യൻ, സി.പി.ഒ പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.