ഇനി നാലുനാൾ ദൂരം, നാലിൽ മിഴിനട്ട് കേരളം; പോളിങ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും രാഷ്ട്രീയ ക്യാമ്പുകളിൽ ആവേശം ഒട്ടും ചോർന്നിട്ടില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം നെഞ്ചിടിപ്പോടെ ഉറ്റുനോക്കുന്ന വിധിദിനത്തിലേക്ക് ഇനി നാലു നാൾ ദൂരം. ഭരണത്തിന് തിരുത്തോ തുടർച്ചയോ എന്നറിയാനുള്ള കാത്തിരിപ്പ് മേയ് നാലിന് സമാപിക്കും.
കുതിച്ചുയർന്ന പോളിങ്ങിൽ സാധ്യതകളുടെ നൂലിഴകീറിയും വോട്ടുഗതിയുടെ രാഷ്ട്രീയം ചികഞ്ഞും സാധ്യത പരിശോധിക്കുകയായിരുന്നു ഇത്രയും നാളെങ്കിൽ, പ്രവചനാതീതമായ ജനവിധി അരികിലെത്തിയതിന്റെ ആശങ്കയിലാണ് ഇനി മുന്നണികൾ. 10 വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ ഈ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നു.
എന്നാൽ, ആത്മവിശ്വാസം വളർന്ന് മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ ഗ്രൂപ് പോരിലേക്ക് വഴിമാറുന്നതിന് വരെ കോൺഗ്രസ് രാഷ്ട്രീയം സാക്ഷിയായി. ചർച്ചകൾ അവസാനിപ്പിക്കാൻ അന്ത്യശാസനം മുതൽ സൈബർ പൊലീസിനെ സമീപിക്കാൻ വരെ ഇക്കാലയളവിൽ കെ.പി.സി.സി നിർബന്ധിതമായി.
അപ്പോഴും ഡീൽ ആരോപണങ്ങളിൽ ഇടതുമുന്നണിയെ തളച്ചിട്ടും മറുഭാഗത്ത് അഞ്ച് വമ്പൻ ഗ്യാരന്റികളിൽ ജനവിശ്വാസമാർജിച്ചും അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിക്കുകയാണ് യു.ഡി.എഫ്. മറുഭാഗത്ത് നേരിയ ഭൂരിപക്ഷത്തിന് ചരിത്രപരമായ ഭരണത്തുടർച്ച സാക്ഷാത്കരിക്കുമെന്നതാണ് ഇടതുക്യാമ്പിന്റെ പ്രത്യാശ.
സിറ്റിങ് സീറ്റുകളിൽ എല്ലാം കിട്ടില്ലെങ്കിലും കൈവിട്ടവക്ക് പകരം പുതിയവ കൂട്ടിച്ചേർത്ത് 45ന് സമീപത്തേക്ക് എത്താമെന്ന് തന്നെയാണ് സി.പി.എം പ്രതീക്ഷ. ശേഷിക്കുന്നവ ഘടകകക്ഷികൾ കൂടി പൂരിപ്പിച്ചാൽ ചരിത്രപരമായ ഭരണത്തുടർച്ച സാധ്യമാകുമെന്നും ഇടതുമുന്നണി ഉറപ്പിക്കുന്നു. ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തെരഞ്ഞെടുപ്പിലേതുപോലെ പരിക്കേൽപിക്കില്ലെന്നാണ് മുന്നണി കരുതുന്നത്. ബി.ജെ.പിയാകട്ടെ നിയമസഭയിൽ ഇക്കുറി സാന്നിധ്യമറിയുക്കുമെന്നും ഉറച്ചുവിശ്വസിക്കുന്നു. 20 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയർത്താനിറങ്ങിയ ബി.ജെ.പിയെ സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ 12.47ലേക്ക് തലകുത്തി വീണതിന്റെ പരിക്കും ഇക്കുറി തീർക്കണം.
പോളിങ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും രാഷ്ട്രീയ ക്യാമ്പുകളിൽ ആവേശം ഒട്ടും ചോർന്നിട്ടില്ലെന്ന് മാത്രമല്ല, ഫലം അടുക്കുന്തോറും ആകുലതകളും കണക്കൂട്ടലുകളും പാരമ്യത്തിലെത്തുകയുമാണ്.
വിജയപ്രതീക്ഷയിൽ ഒട്ടും പിന്നിലല്ലെന്ന് മുന്നണികൾ അവകാശപ്പെടുമ്പോഴും അണിയറയിൽ നേരിയ ഭയവും അനിശ്ചിതത്വവും നിഴലിക്കുന്നുണ്ട്. തലനാരിഴ കീറിയുള്ള രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമാണ് ജനവിധിയെന്നതാണ് ഈ നെഞ്ചിടിപ്പിന് കാരണം. പരമ്പരാഗത വോട്ടുകൾ മറിഞ്ഞിട്ടുണ്ടോ എന്ന ഭയവും പാർട്ടികളെ അലട്ടുന്നുണ്ട്. നിശബ്ദ വോട്ടുകൾ ആരെ തുണക്കുമെന്നത് പ്രവചനാതീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

