ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ്: മുൻ വി.ഇ.ഒക്ക് 45 വർഷം കഠിനതടവും പിഴയും
text_fieldsതിരുവനന്തപുരം: കൃത്രിമം കാണിച്ച് ലക്ഷക്കണക്കിന് രൂപയുടെ സർക്കാർ ഫണ്ട് തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ മുൻ ഓഫിസർക്ക് (വി.ഇ.ഒ) 45 വർഷം കഠിനതടവും 6.35 ലക്ഷം രൂപ പിഴയും വിധിച്ചു. വിതുര പഞ്ചായത്ത് മുൻ വി.ഇ.ഒയും തിരുവനന്തപുരം നെട്ടയം സ്വദേശിയുമായ എസ്.ജി. ദിനുവിനെയാണ് (41) തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. 45 വർഷമാണ് ശിക്ഷയെങ്കിലും അഞ്ച് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചാൽ മതി. 2012-2015 വർഷങ്ങളിലാണ് സംഭവം.
വിതുര ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായി വിതുര സബ് ട്രഷറിയിൽനിന്ന് പല തവണയായി 76,42,500 രൂപ പ്രതി പിൻവലിച്ചിരുന്നു. ചട്ടപ്രകാരം ഈ തുക മുഴുവൻ അന്നുതന്നെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യണം. എന്നാൽ, ഈ വ്യവസ്ഥ ലംഘിച്ച് 31,52,500 രൂപ ഇന്ത്യൻ ബാങ്കിന്റെ വിതുര ശാഖയിലെ ഔദ്യോഗിക അക്കൗണ്ടിൽ നിക്ഷേപിക്കുകയും, ബാക്കി തുക കൈവശം വെക്കുകയുമായിരുന്നു. തുക മുഴുവൻ വിതരണം ചെയ്തെന്ന് പെർഫോമൻസ് ഓഡിറ്റ് ടീമിനെ തെറ്റിധരിപ്പിക്കാനായി ബാങ്ക് പാസ്ബുക്ക് തിരുത്തി വ്യാജരേഖ ചമച്ചെന്നാണ് വിജിലൻസ് കേസ്.
ഇതിനുപുറമേ 2012-13 വർഷത്തിൽ 8,62,500 രൂപയും, 2014-15 വർഷത്തിൽ 10,27,500 രൂപയും സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്തു. ഇത്തരത്തിൽ സർക്കാറിന് 63.8 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിവെച്ചു. തട്ടിപ്പ് പുറത്തായേക്കുമെന്ന ഭയത്താൽ 2014 ഡിസംബറിൽ 50 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും സർക്കാറിന് 13.8 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി കണ്ടെത്തി. ഡിവൈ.എസ്.പി ബി. ഉദയകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസ് എസ്.ഐ.യു-ഒന്ന് എസ്.പി. കെ.ഇ. ബൈജു കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

