കാട്ടുപന്നികളെ ഒരുവർഷം കൊണ്ട് കൊന്നൊടുക്കാൻ തീവ്രയത്ന പരിപാടി; കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്
text_fieldsതിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്. ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷന്‍' എന്നാണ് പരിപാടിയുടെ പേര്. ഉദ്ഘാടനം ആഗസ്റ്റ് 31ന് കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഇതിന്റെ ഭാഗമായി നാട്ടിലെ മുഴുവന്‍ കാട്ടുപന്നികളെയും പൂര്‍ണമായി ഉന്മൂലനം ചെയ്യുമെന്ന് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ പരിപാടി നയത്തില്‍ പ്രഖ്യാപിച്ചു. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനുള്ള അധികാരം വിനിയോഗിച്ചായിരിക്കും പന്നികളെ കൊന്നൊടുക്കുക. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ വെളുപ്പിക്കുക, ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. യുവജന ക്ലബ്ബുകള്‍, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക തൊഴിലാളികള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.
തൊഴിലുറപ്പ് പദ്ധതിയില്‍ കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇവയെ എങ്ങനെ കൊല്ലണമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. ഇപ്പോള്‍ വെടിവെച്ചുകൊല്ലാനാണ് അനുമതി. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്‌കരിക്കും. വനംവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിനെപ്പറ്റി ആഗസ്റ്റ് 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്‌കരിക്കുമെന്നും കരട് നയസമീപന രേഖ ചൂണ്ടിക്കാട്ടുന്നു. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കുക, നഷ്ടപരിഹാരത്തിന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, സൗരവേലികള്‍ സ്മാര്‍ട്ട് ആക്കുക തുടങ്ങിയവ പരിപാടികളും നയരേഖ മുന്നോട്ടുവെക്കുന്നുണ്ട്. വന്യജീവികള്‍ കാരണമുള്ള മനുഷ്യ മരണങ്ങള്‍ കുറഞ്ഞുവരുന്നതായും നയരേഖ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

