ആശങ്ക പടരുന്നു, പ്രതിഷേധവും; കാട്ടുപന്നി ശല്യം ജില്ല മുഴുവൻ വ്യാപിക്കുന്നു
text_fieldsകൊല്ലം: ജില്ലയിൽ മുഴുവൻ കാട്ടുപന്നി ശല്യം ഗ്രാമീണമേഖലയിലേക്കും വ്യാപിക്കുന്നു; പ്രതിഷേധമുയർത്തി നാട്ടുകാർ. നേരത്തേ വനപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന കിഴക്കൻമേഖലയിലെ ചില പ്രദേശങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നി ശല്യം ജില്ല മുഴുവൻ വ്യാപിക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനജീവിതത്തിന് ഉപദ്രവമായിത്തീരുകയും ചെയ്യുന്ന ഇവയെ കൊന്നൊടുക്കാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധം വ്യാപകമാണ്. കാട്ടുപന്നികൾ പുനലൂർ, പത്തനാപുരം താലൂക്കിന് പുറമെ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. കനാലുകളിലൂടെയാണ് ഇവ കൂടുതലും ജനവാസമേഖലകളിലേക്ക് കടക്കുന്നത്. കുറ്റിക്കാടുകളിലും കൃഷിയിടങ്ങളിലും പന്നികൾ തമ്പടിച്ച് കൃഷി നശിപ്പിക്കുന്നു.
മനുഷ്യരെയും ആക്രമിക്കുന്ന സംഭവങ്ങൾ ഏറി. ഇരുചക്രവാഹനയാത്രക്കാരാണ് ഇവയുടെ അതിക്രമത്തിനിരയായി അപകടത്തിൽപെടുന്നത്. ഇവയെ കൊല്ലാൻ ഗ്രാമപഞ്ചായത്തുകളും മറ്റും ചുമതലപ്പെടുത്തിയവർക്ക് തോക്ക് ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കലക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പത്തനാപുരം, പുനലൂർ മണ്ഡലങ്ങളിൽപെടുന്ന വനപ്രദേശത്തോട് ചേർന്നുള്ള പാടം, വെള്ളംതെറ്റി, പൂങ്കുളഞ്ഞി, കുളത്തൂപ്പുഴ, മാങ്കോട്, കറവൂർ, കടശ്ശേരി, ചെമ്പനരുവി തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നികളെ കൂടാതെ മയിൽ, കുരങ്ങ്, കേഴ, മലയണ്ണാൻ തുടങ്ങിയവയുടെ ശല്യവും വർധിച്ചു. കുളത്തൂപ്പുഴ വനം റേഞ്ചിനോട് ചേർന്ന മടത്തറയിലും എണ്ണപ്പനത്തോട്ടങ്ങളോട് ചേർന്നുള്ള ചിതറ, ഇട്ടിവ പഞ്ചായത്ത് പ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. കൊല്ലാൻ കഴിയാത്തതുമൂലം പെറ്റുപെരുകി ആഹാരം തേടിയാണ് നാട്ടിടങ്ങളിലാകെ അലയുന്നത്.
വാഴ, ചേമ്പ്, ചേന, മരച്ചീനി,തെങ്ങിൻതൈ, റബർ തുടങ്ങിയവ വൻതോതിൽ നശിപ്പിക്കുന്ന ഇവ ഇപ്പോൾ കൂട്ടത്തോടെ വീട്ടുമുറ്റങ്ങൾ വരെ കൈയടക്കിയിരിക്കുകയാണ്. ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടാൻ വീടിനും കൃഷിയിടങ്ങൾക്കും ചുറ്റും നെറ്റ്വേലി സ്ഥാപിക്കുകയാണ് ജനങ്ങൾ. സാധാരണവേലി പന്നികൾ കുത്തിയെടുത്ത് കളയുന്നതിനാലാണ് നെറ്റ്വേലി കെട്ടുന്നത്.
റബർ കൃഷിക്ക് നേരത്തെ കേഴ മാത്രമായിരുന്നു ശല്യം. ഇപ്പോൾ കാട്ടുപന്നിയും നാശമുണ്ടാക്കുന്നു. റബറിന്റെ തോൽ കേഴ തിന്നുനശിപ്പിക്കുമ്പോൾ കാട്ടുപന്നി റബർ കുത്തിമറിക്കുന്നു. റബർത്തൈകൾ കടിച്ചുമുറിച്ചിടുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

