ജോർജ് കുര്യന് ഭക്ഷ്യമന്ത്രിയുടെ മറുപടി; ‘ഭരണാധികാരികൾ ഇത്ര അൽപത്തം കാണിക്കരുത്’
text_fieldsജോർജ് കുര്യൻ, ജി.ആർ. അനിൽ
തിരുവനന്തപുരം: കേരളത്തിന് നൽകുന്ന ഓരോ മണി അരിയും ‘മോദി അരി’യാണെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പരാമർശത്തിന് കണക്ക് നിരത്തി മറുപടിയുമായി മന്ത്രി ജി.ആർ. അനിൽ. ജനാധിപത്യത്തില്‍ ഭരണാധികാരികള്‍ ഇത്ര അല്പത്തം കാണിക്കാന്‍ പാടില്ലെന്നും ഇത് രാജവാഴ്ചയൊന്നുമല്ലെന്നും മന്ത്രി തിരിച്ചടിച്ചു. പണ്ട് രാജാക്കന്മാർ ഭരിക്കുമ്പോള്‍ അന്നദാതാവായ പൊന്നുതമ്പുരാന് എന്ന് പറയാറുള്ളത് പോലെയാണ് കാര്യങ്ങൾ. ഇപ്പോഴത്തെ ബി.ജെ.പി സർക്കാറിനോളം കേരളത്തോട് നിർദയമായി പെരുമാറുന്ന ഒരു സർക്കാറും രാജ്യത്തുണ്ടായിട്ടില്ല.
ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന പാർലമെന്റ് പാസാക്കിയ 2013 ലെ ഭക്ഷ്യ ഭദ്രത നിയമ പ്രകാരം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നതാണ് റേഷന്‍. അതവരുടെ അവകാശമാണ്. ഒരു ഭരണാധികാരിയുടെയും വ്യക്തിപരമായ ഔദാര്യമല്ല. 2013 ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയപ്പോള്‍ 57 ശതമാനത്തോളം പേർ സാർവത്രിക റേഷന്‍ സംവിധാനത്തിന് പുറത്തായി. ഈ സാഹചര്യത്തിലാണ് കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യത്തിനു വേണ്ടി നിരന്തരം ആവശ്യപ്പെടേണ്ടി വരുന്നത്. അത് നിഷേധിക്കുമ്പോള്‍ പ്രതിഷേധമുയരുന്നത് സ്വാഭാവികമാണ് -മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘കണ്ണീരൊപ്പാൻ നൽകിയ അരിക്കും പണം പിടിച്ചുവാങ്ങി’
ദുരന്തഘട്ടങ്ങളിൽ നൽകിയ അരിക്കും പണം പിടിച്ചുവാങ്ങിയെന്ന് മന്ത്രി ജി.ആർ. അനിൽ. 2018ല്‍ ഓഖി ഘട്ടത്തിൽ 3,555 മെട്രിക് ടണ്‍ അരി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഈ അരി കിലോ ഗ്രാമിന് 23.38 രൂപ നിരക്കിലാണ് കേന്ദ്രം അനുവദിച്ചത്. എന്നാൽ ഇതിനുള്ള വിലയായ 8.31 കോടി രൂപ സംസ്ഥാന സർക്കാറിൽനിന്ന് കേന്ദ്രം വാങ്ങി.
2018ലെ പ്രളയ സമയത്തെ 89540 മെട്രിക് ടണ്ണിന്റെ വിലയായ 205.8 കോടി രൂപയും കോവിഡ് സമയത്ത് വിതരണം ചെയ്ത 3.05 ലക്ഷം മെട്രിക് ടണ്‍ അരിയുടെ വിലയായ 649 കോടി രൂപയും കേന്ദ്ര സർക്കാർ നിർബന്ധപൂർവം വാങ്ങി. ഓണത്തിന് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് എട്ടുരൂപ 30 പൈസക്ക് അഞ്ചുകിലോ അരിയെങ്കിലും ഓണത്തിന് അധികമായി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

