‘ഉപ്പുമാവ് മാറ്റി ബിരിയാണി തരൂ’; ശങ്കുവിനും കൂട്ടുകാർക്കും ഇനി ബിരിയാണി കഴിക്കാം; അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചു
text_fieldsതിരുവനന്തപുരം: ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കു എന്ന അങ്കണവാടിക്കാരന്റെ ആഗ്രഹം പൂവണിഞ്ഞു. അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. പുതിയ മെനുവില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടുത്തി.
രണ്ടുദിവസം കൊടുത്തിരുന്ന പാല്‍ മൂന്ന് ദിവസമാക്കി ഉയര്‍ത്തി. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരമാണ് മെനു പരിഷ്‍കരിച്ചത്. അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതിന് പിന്നാലെ ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിടെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നൽകിയിരുന്നു. ‘ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്.
വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും’ മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മുട്ട ബിരിയാണിയും പുലാവും ഉൾപ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‍കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

