സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും: വമ്പന്‍ പ്രഖ‍്യാപനങ്ങളുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: നിയമസഭാതെരെഞ്ഞടുപ്പിന് മുന്നോടിയായി കേരളത്തിന് വമ്പന്‍ പ്രഖ‍്യാപനങ്ങളുമായി രാഹുൽ ഗാന്ധി. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനും അഞ്ച് സുപ്രധാന വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി പ്രഖ‍്യാപിച്ചത്.
ഓരോ കുടുംബങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും സംരംഭകത്വം, വയോജന സംരക്ഷണം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമാകുന്ന രീതിയിലാണ് ഈ വാഗ്ദാനങ്ങൾ രൂപകല്‍പന ചെയ്തിരിക്കുന്നത്.
പ്രധാന പ്രഖ്യാപനങ്ങള്‍
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നല്‍കും.
ക്ഷേമ പെന്‍ഷന്‍ 3,000 ആയി ഉയര്‍ത്തും
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കും.
കുടുംബങ്ങള്‍ക്ക് 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി'യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യുവ സംരംഭകര്‍ക്ക് 5 ലക്ഷം പലിശ രഹിത വായ്പ:
സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും.
മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ്
കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കും.
കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, എല്ലാ പൗരന്മാര്‍ക്കും സമഗ്രമായ സാമൂഹിക സുരക്ഷ ഒരുക്കുക എന്നിവയാണ് ഈ പദ്ധതികളുടെ കാതല്‍. സാധാരണക്കാരുടെ ജീവിത നിലവാരം നേരിട്ട് മെച്ചപ്പെടുത്തുന്ന ഉള്‍ക്കൊള്ളുന്ന വികസനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ജനക്ഷേമം, പുതിയ തൊഴില്‍ അവസരങ്ങള്‍, അന്തസുള്ള ജീവിതം എന്നിവയില്‍ അധിഷ്ഠിതമായ ഉറപ്പാണ് യു.ഡി.എഫ് ഈ വാഗ്ദാനങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത്. വരും ദിവസങ്ങളിൽ യു.ഡി.എഫിന്റെ വിശദമായ പ്രകടന പത്രിക പുറത്തിറക്കും.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു രാഹുല്‍ ഗാന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

