തീപക്ഷികൾക്കിടയിലൂടെ പറന്ന് രക്ഷാദൗത്യം
text_fieldsകെ.പി. ഉണ്ണികൃഷ്ണ
കോഴിക്കോട്: കോൺഗ്രസ് പാർട്ടിയിലെ സോഷ്യലിസ്റ്റ് മുഖമായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ കരുത്തും ഭരണപാടവവും വെളിപ്പെടുത്തിയത് 1990ലെ കുവൈത്ത് യുദ്ധാന്തരീക്ഷത്തിലെ രക്ഷാപ്രവർത്തനം. ഇറാഖ്-കുവൈത്ത് ഗൾഫ് യുദ്ധകാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ ഇടപെടൽ ധീരതയുടെയും മനുഷ്യസ്നേഹത്തിന്റെയും തിളങ്ങുന്ന ഇടപെടലായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത്.
സദ്ദാം ഹുസൈനെ ഒളിത്താവളത്തിൽ പോയി കണ്ട് സംസാരിച്ചാണ് മലയാളികൾ ഉൾപ്പെടെ ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരെ അദ്ദേഹം നാട്ടിലെത്തിച്ചത്. ഇന്നും ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധകാല ഒഴിപ്പിക്കലായാണ് അത് അടയാളപ്പെടുത്തുന്നത്. കഷ്ടതയനുഭവിക്കുന്നവരെ കൈപിടിച്ചുയർത്തുകയെന്നത് സർക്കാറിന്റെ കടമയാണെന്നു പറഞ്ഞ് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണന്‍റെ ഇടപെടലിൽ കുവൈത്തിൽനിന്ന് 500 ഓളം വിമാനങ്ങളിലാണ് തദ്ദേശീയരെ നാട്ടിലെത്തിച്ചത്. ഒരിക്കലും നാട്ടിലെത്തി ബന്ധുക്കളെ കാണില്ലെന്ന് കരുതി യുദ്ധഭീതിയിൽ കഴിച്ചുകൂട്ടിയവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചത് തികച്ചും സൗജന്യവുമായായിരുന്നു.
വിദേശകാര്യമന്ത്രി ഐ.കെ. ഗുജ്റാളിനായിരുന്നു പ്രധാനമന്ത്രി വി.പി. സിങ് ആദ്യം ചുമതല നൽകിയത്. ഗുജ്റാൾ ജോർഡനിലും ഇറാഖിലും അമ്മാനിലും എത്തി ചർച്ചകൾ നടത്തിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. അദ്ദേഹം മടങ്ങുമ്പോൾ പഞ്ചാബിൽ നിന്നുള്ള ഏതാനും സുഹൃത്തുളെ വിമാനത്തിൽ നാട്ടിലെത്തിച്ചത് വലിയ വിവാദമായി. പിന്നീട് ആ ദൗത്യം ഉണ്ണികൃഷ്ണനെ ഏൽപിക്കുകയായിരുന്നു. സുരക്ഷാപ്രശ്നവും കോടികളുടെ ചെലവും മുൻനിർത്തി അന്നത്തെ കാബിനറ്റ് സെക്രട്ടറി പാണ്ഡെ പണം വാങ്ങി ആളുകളെ കൊണ്ടുവരണമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം വകവെച്ചില്ല. ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാറിന് താത്‌പര്യമില്ലെങ്കിൽ പിന്നെ മന്ത്രിയായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഒടുവിൽ കാബിനറ്റ് വഴങ്ങി.
നിർത്തിയിട്ടിരുന്ന വിമാനങ്ങൾ പോലും പുറത്തിറക്കാൻ സിവിൽ വ്യോമയാനമന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതിയും വാങ്ങി. വ്യോമയാനമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാനും വകുപ്പു സെക്രട്ടറിയും പ്രത്യേകം താൽപര്യമെടുത്തു. കുവൈത്തിനെ മോചിപ്പിക്കാനും സദ്ദാംഹുസൈനെ പിടികൂടാനും അമേരിക്കൻ സൈന്യം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവേളയിൽ രക്ഷാദൗത്യമേറ്റെടുത്ത് ഉണ്ണികൃഷ്ണൻ ബഗ്ദാദിലേക്ക് പുറപ്പെട്ടു. തീപക്ഷികൾക്കിടയിലൂടെ പറന്ന് സദ്ദാമിനെ കാണുകയെന്നത് ഏറെ അപകടമാണെന്നറിഞ്ഞിട്ടും ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾക്കുവേണ്ടി ആ വെല്ലുവിളി ഏറ്റെടുത്തു.
ബഗ്‌ദാദിൽനിന്ന് മൂന്നു ഹെലികോപ്റ്ററുകൾ മാറി കയറിയാണ് സദ്ദാമിന്റെ ഒളിത്താവളത്തിലെത്തിയത്. ജോർഡൻ വഴി ഇന്ത്യക്കാരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് സദ്ദാം പിന്തുണ നൽകിയെങ്കിലും രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വിമാനങ്ങൾ മാത്രമേ ഉപയോഗിക്കാവു എന്ന ഉപാധി വെക്കുകയായിരുന്നു. അമേരിക്കൻ സഹായം തേടില്ലെന്ന ഉറപ്പുകൂടി നൽകിയാണ് രക്ഷാപ്രവർത്തനം സാധ്യമാക്കിയത്. ആഴ്‌ചകൾകൊണ്ട് തദ്ദേശീയരെ നാട്ടിലെത്തിക്കുകയും ചെയ്തു. ഒരു രൂപപോലും ചെലവില്ലാതെ പ്രവാസികളെ കുവൈത്തിൽനിന്ന് അവരുടെ വീടുകളിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഉണ്ണികൃഷ്ണനും രാജ്യത്തിനുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

