കോൺഗ്രസിൽ ഒറ്റ പേരുകാരുടെ ഒന്നാംഘട്ട പട്ടികയായി; പട്ടികയുമായി സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഡല്‍ഹിക്ക് തിരിച്ചു
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ ഒറ്റ പേരുകാരുടെ ആദ്യഘട്ട പട്ടികക്ക് സ്ക്രീനിങ് കമ്മിറ്റിയുടെ അംഗീകാരം. മധുസൂദനന് മിസ്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. സ്ക്രീനിങ് കമ്മിറ്റി തയാറാക്കിയ പട്ടികയുമായി അംഗങ്ങൾ ഡല്‍ഹിക്ക് തിരിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യും. സമിതികൂടി അംഗീകരിക്കുന്നതോടെ ആദ്യഘട്ട പട്ടികക്ക് അന്തിമ അംഗീകാരമാകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. സിറ്റിങ് എം.എൽ.എമാര്‍ക്ക് പുറമെ പ്രമുഖരെയും ജയസാധ്യതയുള്ളവരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് അടക്കം പോഷക സംഘടനകള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കിയെന്നാണ് വിവരം. ജാതി-മതാടിസ്ഥാനത്തിലും സമതുലിതാവസ്ഥ പാലിച്ചിട്ടുണ്ടത്രേ.
ഞായറാഴ്ച ഹോട്ടൽ വിവാന്തയിലായിരുന്നു മധുസൂദനന് മിസ്ത്രിയുടെ നേതൃത്വത്തില്‍ സ്ക്രീനിങ് കമ്മിറ്റി സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ പരിശോധന നടത്തിയത്. വൈകീട്ടോടെ സമിതി അംഗങ്ങള്‍ പട്ടികയുമായി ഡല്‍ഹിക്ക് പോയി. ജയസാധ്യത അടിസ്ഥാനമാക്കി 50 പേരുടെ പട്ടിക നേരത്തെ സംസ്ഥാന നേതൃത്വം തയാറാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപ്പേരുകാരെ ഉള്‍പ്പെടുത്തി പട്ടിക തയാറാക്കിയത്. സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കെടുത്തില്ല. പുതുയുഗയാത്രക്ക് ശേഷം സതീശന് എറണാകുളത്തേക്ക് പോയതിനാലാണ് പങ്കെടുക്കാതിരുന്നത്.
രണ്ടാംഘട്ട പട്ടികയില്‍ പരിഗണിക്കേണ്ടവരുടെ പേരുകൾ തയാറായിട്ടുണ്ട്. ഡി.സി.സികളും വിവിധ സര്‍വേ റിപ്പോര്‍ട്ടുകളും നല്കിയ പേരുകള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

