ഫീൽഡ് ജീവനക്കാർക്ക് ഓഫിസിൽ അദർ ഡ്യൂട്ടി; വനംവകുപ്പിൽ ‘സേഫ്’ ആയി സ്വാധീനക്കാർ
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥ-സംഘടന സ്വാധീനം മുതലാക്കി വനംവകുപ്പിൽ ഫീൽഡ് ഡ്യൂട്ടി ചെയ്യേണ്ടവർ അദർ ഡ്യൂട്ടി എടുത്ത് ഓഫിസിൽ അനധികൃതമായി ജോലി ചെയ്യുന്നത് വ്യാപകം. പല റേഞ്ചുകളിലും ഇത്തരത്തിൽ സ്വാധീനങ്ങൾ ഉപയോഗിച്ച് ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവായി ഇവർ ‘സേഫ്’ ആകുന്നു. ഇത് ഗുരുതര ചട്ടലംഘനമെന്ന് 2018, 2019, 2020 കാലഘട്ടങ്ങളിലായി വനംവകുപ്പ് ഇറക്കിയ ഉത്തരവുകൾ തന്നെ വ്യക്തമാക്കുന്നു.
ഫീൽഡ് ജീവനക്കാർക്ക് ഒരു കാരണവശാലും അദർഡ്യൂട്ടി അനുവദിക്കരുതെന്നാണ് ഉത്തരവ്. അതാണ് ലംഘിക്കപ്പെടുന്നത്. മാത്രമല്ല, വനസംരക്ഷണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരെയും (എസ്.എഫ്.ഒ), ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും (ബി. എഫ്.ഒ) അദർഡ്യൂട്ടിയിൽ നിന്ന് അടിയന്തരമായി തിരികെവിളിച്ച് അതത് റേഞ്ചുകളിൽ ഫീൽഡ് ജോലിക്ക് നിയോഗിക്കണമെന്നാണ് വനംവകുപ്പിന്റെ ഉത്തരവ്.
കൂടാതെ, ഇത് അവഗണിച്ചും ഇത്തരം ആൾക്കാർ ജോലിയിൽ തുടരുകയാണെങ്കിൽ ഫീൽഡിലുണ്ടാകുന്ന ഏതൊരുവീഴ്ചക്കും മേലുദ്യോഗസ്ഥൻ ഉത്തരവാദിയാകുമെന്നും കർശനനിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതെല്ലാം അപ്പാടെ അവഗണിച്ചാണ് ജില്ലയിൽ പല റേഞ്ചുകളിലും ഫീൽഡ് ജീവനക്കാർ അദർ ഡ്യൂട്ടി ചെയ്തുവരുന്നത്. ക്ലാർക്കുമാർക്ക് സമാനമായി ജോലിയിചെയ്യുന്ന ഇവരിൽ പലരും നിർബന്ധമായി എടുക്കേണ്ട നൈറ്റ് ഡ്യൂട്ടികളും ചെയ്യാറില്ല.
സ്വാധീനവും സംഘടനാപിന്തുണയും മുതലാക്കിയാണ് ഇവർ ഇളവുകൾ സംഘടിപ്പിക്കുന്നതത്രേ. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായിരിക്കെ ഫീൽഡ്തല ജോലിക്ക് തന്നെ വനംവകുപ്പിൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധയായിരിക്കെയാണ് ഇത്തരം ചട്ടലംഘനങ്ങൾ നടക്കുന്നത്.
അദർഡ്യൂട്ടി ചെയ്യുന്നവർ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മാത്രം ജോലിചെയ്ത് പോവുകയാണ് പതിവ്. അവധി ദിവസങ്ങളിൽ പോലും ഡ്യൂട്ടിക്ക് എത്തണമെന്നാണ് വനംവകുപ്പ് ഫീൽഡ് ജീവനക്കാരുടെ ജോലിക്രമം. ഡ്യൂട്ടി ഓഫ് ആണ് ഇവർക്കുള്ളത്. എന്നാൽ ‘സേഫ്’ ഡ്യൂട്ടിയിൽ ഇവർക്ക് ഇതൊന്നും ബാധകമല്ല. വനംവകുപ്പിന്റെ എല്ലാ അവധിദിവസങ്ങളിലും ഇവർക്കും അവധിയാണ്. കൂടാതെ ഫീൽഡ് ജീവനക്കാർക്ക് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും ഇവർ നേടിയെടുക്കുന്നുമുണ്ട്. ഫീൽഡ് ജീവനക്കാരുടെ അനധികൃത അദർ ഡ്യൂട്ടി സംബന്ധിച്ച് വനം വിജിലൻസിലും പരാതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

