ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് പദവിയിൽനിന്ന് നീക്കി
text_fieldsകോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്ലിയയെ നീക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ വാർത്താ കുറിപ്പിൽ അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ഘടകത്തിൻെറ നിർദേശപ്രകാരമാണ് നടപടിയെന്നും വാർത്താ കുറിപ്പിലുണ്ട്.
അതേസമയം, നടപടിയെക്കുറിച്ച് അറിയില്ലെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കാരണം കാണിക്കൽ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും തഹ്ലിയ അറിയിച്ചു.
'ഹരിത' നേതാക്കൾക്കെതിരെ എം.എസ്.എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ, മുസ്ലിം ലീഗിൽനിന്ന് നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തഹ്ലിയ പലതവണ വിമർശിച്ചിരുന്നു. കോഴിക്കോട്ട് വാർത്താ സമ്മേളനം നടത്തിയും ഫാത്തിമ തഹ്ലിയ വിമർശനമുന്നയിച്ചിരുന്നു.
സംഭവത്തിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ ഇന്നലെയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ഫാത്തിമ തഹ്ലിയക്കെതിരെയും നടപടി ഉണ്ടായിരിക്കുന്നത്.




