അച്ഛനും മകനും മരിച്ചനിലയിൽ; വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം
text_fieldsതിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരിൽ അച്ഛനും മകനും ഷോക്കേറ്റു മരിച്ചനിലയിൽ. നഗരൂർ ബ്ലോക്ക് ഓഫീസിന് സമീപത്തെ പുരയിടത്തിലാണ് അപകടം. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥാപിച്ച വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.
കുറിയടുത്തു മഠത്തിന്റെ കൈവശമുള്ള വയലിലാണ് ഇരുവരെയും മരിച്ചനിലയിൽ കാണപ്പെട്ടത്. രാവിലെ കാര്യസ്ഥൻ വന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടതെന്നാണ് വിവരം. തൊട്ടടുത്ത പുരയിടത്തിൽ കപ്പ പറിക്കാൻ കയറിയതാണെന്നാണ് നിഗമനം. വൈദ്യുതി വേലിയുള്ളത് അറിയാതെയാണോ ഇരുവരും ഇതുവഴി പ്രവേശിച്ചത് എന്നതടക്കം പരിശോധിക്കുന്നുണ്ട്.
ഇവിടെ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. കൊച്ചുണ്ണി തെങ്ങുകയറ്റ തൊഴിലാളിയും മകൻ അഖിൽ കൂലി തൊഴിലാളിയുമാണ്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

