കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ വിനയായി: യുവതിയുടെ വിരലുകൾ മുറിച്ചുനീക്കി
text_fieldsതിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പ് നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമായ യുവതിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ. മുട്ടത്തറ സ്വദേശിയും ഐ.ടി പ്രഫഷനലുമായ 31 കാരിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. രക്തയോട്ടമില്ലാതായതിനെ തുടർന്ന് ഇടതുകാലിലെ അഞ്ചും ഇടതുകൈയിലെ നാലും വിരലുകൾ മുറിച്ചുനീക്കി. ഫെബ്രുവരി 22 നാണ് കഴക്കൂട്ടത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയക്ക് വിധേയമായത്. സർജറി കഴിഞ്ഞ് 23ന് വീട്ടിലെത്തിയെങ്കിലും അമിതമായ ക്ഷീണം അനുഭവപ്പെട്ടു.
ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരെ ഫോണിൽ വിളിച്ചപ്പോൾ ധാരാളം വെള്ളവും ഉപ്പിട്ട കഞ്ഞിയും നൽകാനായിരുന്നു നിർദേശം. അന്ന് രാത്രിയോടെ, വീണ്ടും അവശതയിലായ യുവതിയെ പിറ്റേന്ന് രാവിലെ അതേ ആശുപത്രിയിലെത്തിച്ചു. എന്നാൽ, സ്ഥിതിമോശമായതിനെ തുടർന്ന് നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന്, 22 ദിവസത്തോളം യുവതി വെന്റിലേറ്ററിലായിരുന്നെന്ന് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആന്തരികാവയവങ്ങൾക്ക് അണബാധയേറ്റതാണ് ആരോഗ്യസ്ഥിതി മോശമാക്കിയത്.
ഇടതുകാലിലെ ആർട്ടറി ബ്ലോക്കായതിന്റെ ഫലമായി പാദത്തിലേക്കുള്ള രക്തയോട്ടമില്ലാതായി. ഇടതു കൈവിരലുകളും നിർജീവമായി. ഇതിനെ തുടർന്നാണ് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നത്. യുവതി ഇപ്പോഴും ഐ.സി.യുവിലാണ്. വയറിലെ മുറിവിൽ തൊലിവെച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇതടക്കം ഭേദമായാലേ ഐ.സി.യുവിൽ നിന്ന് മാറ്റൂ. സംഭവത്തെ തുടർന്ന് കുടുംബം തുമ്പ പൊലീസിൽ പരാതി നൽകി. പ്രത്യേക മെഡിക്കൽ സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴക്കൂട്ടം അസി.കമീഷണർ ജെ.കെ. ദിനിൽ ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ബോർഡ് ഈ മാസം എട്ടിന് യോഗം ചേരും. ഇവരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും പൊലീസിന്റെ തുടർനടപടികൾ. നാലു വയസുള്ള ഇരട്ടക്കുട്ടികളാണ് യുവതിക്കുള്ളത്. ഇതിനകം ഭാരിച്ച തുകയാണ് ചികിത്സക്കായി ചെലവായതെന്നും കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

