സ്വപ്നയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനം
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനം. ദേവ് എജുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഒപ്പിച്ചതെന്ന് ഇടനിലക്കാരായി പ്രവർത്തിച്ചവർ പൊലീസിന് മൊഴി നൽകി. ഇതോടെ പഞ്ചാബിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കേൻറാൺമെൻറ് പൊലീസ്. ദേവ് എജുക്കേഷൻ ട്രസ്റ്റിനെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ പഞ്ചാബ് പൊലീസിന് കൈമാറിയിട്ടുണ്ട്.
സ്പേസ് പാർക്കിൽ ഓപറേഷൻ മാനേജർ തസ്തികക്ക് വേണ്ടിയാണ് സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഒരു ലക്ഷത്തോളം രൂപ സ്വപ്ന നൽകിയതായും സുഹൃത്ത് പൊലീസിന് മൊഴി നൽകി. മുംബൈയിലെ ഡോ. ബാബ സാഹിബ് ടെക്നോളജി സർവകലാശാലയിൽനിന്ന് ബി.കോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് ദേവ് എജുക്കേഷൻ ട്രസ്റ്റ് സ്വപ്നക്ക് നൽകിയത്. അതേസമയം അട്ടക്കുളങ്ങര ജയിലിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ സ്വപ്നയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.