ഓസിനോട്ടം മതി: വാടക നൽകാത്തതിനെ തുടർന്ന് ഇടുക്കി സ്പെഷൽ താഹസിൽദാരുടെ വാഹനം ഉടമ കൊണ്ടുപോയി
text_fieldsമൂന്നാർ: കഴിഞ്ഞ ഒമ്പത് മാസമായി വാടക നൽകാതെ ഓടിയ വാഹനം ഉടമ കൊണ്ടുപോയി. ഇടുക്കി സ്പെഷൽ താഹസിൽദാരുടെ ആവശ്യങ്ങൾക്കായി ഓടിയ വാഹനത്തിന് വാടക നൽകാത്തതിനെ തുടർന്നാണ് ഉടമയെത്തി മടക്കി കൊണ്ടുപോയത്. വാഹനമില്ലാതായതോടെ ഭൂമി കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കേണ്ട സ്പെഷൽ റവന്യു ഓഫിസിലെ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ സംവിധാനമില്ലാതായി.
സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക അധികാരങ്ങളോടെ സ്ഥാപിച്ച സ്പെഷൽ ഓഫിസിലെ വാഹനം കട്ടപ്പുറത്തായതിനെ തുടർന്നാണ് മൂന്നു വർഷമായി മറ്റു ഓഫിസുകളിൽ ഉപയോഗിക്കുന്ന വാഹനമായിരുന്നു റവന്യു ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്നത്. എന്നാൽ, വാഹനം പലപ്പോഴും ലഭിക്കാതെ വന്നതിനെ തുടർന്നാണ് രണ്ടു വർഷം മുമ്പ് ടെൻഡർ ക്ഷണിച്ച് ജീപ്പ് ലഭ്യമാക്കി.
എന്നാൽ, ഒമ്പത് മാസമായി വാടക ലഭിക്കാതെ വരികയും ഡ്രൈവർക്ക് ശമ്പളം നൽകാൻ പോലും കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച മുമ്പ് ഓട്ടമവസാനിപ്പിച്ച് ഉടമ വാഹനം മടക്കി കൊണ്ടുപോയത്. ഇതോടെ തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥർക്ക് വിവിധ സൈറ്റുകളിൽ പോയി പരിശോധന നടത്തുന്നതിന് കഴിയാത്ത സ്ഥിതിയായി. ഉദ്യോഗസ്ഥരുടെ പരിശോധനകളില്ലാതായതോടെ ദേവികുളം, മൂന്നാർ മേഖലകളിൽ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

