തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് പ്രേട്ടാകാൾ പാലിച്ച് നടത്തുമെന്നും തിയതി വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബർ 11 അവസാനിക്കുന്നതിനാൽ, അതിനകം പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുർത്തീകരിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും തിയതിയുമെല്ലാം ആരോഗ്യവകുപ്പടക്കമുള്ള എല്ലാവരോടും ചർച്ച ചെയ്ത ശേഷമേ തീരുമാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഒക്േടാബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഇപ്പോൾ പരിഗണനയിലുള്ളത്. എന്നാൽ തിയതി സംബന്ധിച്ച അന്തിമ തീരുമാനം വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമാണ് കൈകൊള്ളുക. റിട്ടേണിങ് ഒാഫീസർമാരുടെ പരിശീലനം ഈ മാസം തുടങ്ങും. പ്രചാരണപ്രവർത്തനങ്ങളിലടക്കം നിയന്ത്രണങ്ങൾ വേണ്ടിവരും. മൂന്ന് പേർ മാത്രം വീടുകളിൽ കയറിയിറങ്ങിയുള്ള പ്രചാരണം അനുവദിക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊള്ളുന്നതിന് മുമ്പ് ആരോഗ്യവകുപ്പ്, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ എല്ലാവരുമായും കൂടുതൽ ചർച്ചകൾ നടത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു.