തെരഞ്ഞെടുപ്പ് തോൽവി; തെറ്റു തിരുത്തലുമായി സി.പി.എം, ഒളിച്ചുകളിച്ച് സി.പി.ഐ
text_fieldsകൊച്ചി: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് കരകയറാൻ തെറ്റുതിരുത്തലുമായി സി.പി.എം താഴെ തട്ടിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ, എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ അത്തരം നടപടികളൊന്നുമെടുക്കാതെ ഒളിച്ചുകളിക്കുന്നു. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് സി.പി.ഐ നേരിട്ടത്. 2001ലെ ഏഴ് സീറ്റിനുശേഷം സി.പി.ഐ ഏറ്റവും കുറഞ്ഞ സീറ്റുകളിലേക്ക് (എട്ട്) പിന്തള്ളപ്പെട്ടത് ഇത്തവണയാണ്.
സംഘടനാ പ്രശ്നങ്ങൾ കാരണം ഇത്തവണ മൂന്നു സീറ്റെങ്കിലും പാർട്ടിക്ക് നഷ്ടമായി. ഇതിൽ ചാത്തന്നൂരിൽ ബി.ജെ.പിയാണ് വിജയിച്ചത്. സി.പി.എം തെറ്റു തിരുത്തലുമായി മുന്നോട്ടുപോകുമ്പോൾ അത്തരം നടപടികളിലേക്ക് തിരിയാൻ സി.പി.ഐ നേതൃത്വത്തിലും സമ്മർദമേറുന്നുണ്ട്. തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് സി.പി.എം ബ്രാഞ്ച്തലം മുതൽ പ്രവർത്തകരുടെ അഭിപ്രായം സ്വരൂപിച്ച ശേഷമാണ് സംസ്ഥാനതല റിപ്പോർട്ട് തയാറാക്കിയത്. അതിനുശേഷം വിശാല സംസ്ഥാന സമിതി ചേർന്ന് തിരുത്തേണ്ടത് എന്തെല്ലാമെന്ന് തീരുമാനിച്ചു. ഇനി വിശാല ജില്ല, ഏരിയ, ലോക്കൽ സമ്മേളനങ്ങൾ ചേർന്ന് താഴെതട്ടിൽ വരെ തെറ്റു തിരുത്തലിന് തുടക്കമിട്ടു.
തോൽവിക്കുശേഷം സി.പി.ഐ നിയോജക മണ്ഡലം തലംമുതൽ മുകളിലോട്ടുള്ള കമ്മിറ്റികളുടെ അഭിപ്രായമേ തേടിയുള്ളൂ. എന്നാൽ, താഴെതട്ടിലെ പ്രവർത്തകരാണ് നിർഭയമായി തോൽവിയുടെ കാരണങ്ങൾ പറയുക. നേതാക്കളുടെ പ്രവൃത്തികളെ കുറിച്ചും തുറന്നുപറയുക അവരാണ് എന്നിരിക്കെയാണ് സി.പി.ഐ നേതൃത്വം അവരുടെ അഭിപ്രായം തേടാതെ റിപ്പോർട്ട് തയാറാക്കിയത്.
സി.പി.എം തുറന്നുപറച്ചിലിനും തെറ്റുതിരുത്തലിനും തുടക്കമിട്ടതിന് പിന്നാലെ ബിനോയ് വിശ്വം സി.പി.എമ്മിനെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു. സ്വന്തം പാർട്ടി പ്രവർത്തകരിൽനിന്ന് നേതൃത്വത്തിനെതിരെ ഉയർന്നേക്കാവുന്ന പ്രതിഷേധത്തിൽനിന്ന് അണികളെ പിന്തിരിപ്പിച്ച്, കുന്തമുന സിപി.എമ്മിനെതിരെ തിരിച്ചുവിടാനുള്ള അടവ് നയമാണ് ബിനോയിയുടേതെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
ചാത്തന്നൂരിലെയും ചടയമംഗലത്തെയും തോൽവിയുടെ കാരണങ്ങളിൽ പ്രധാനം സി.പി.ഐയിലെ സംഘടന പ്രശ്നങ്ങളാണെന്ന് സി.പി.എം കൊല്ലം ജില്ല കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. മൂവാറ്റുപുഴ, കൊടുങ്ങല്ലൂർ, വൈക്കം, ചിറയിൻകീഴ് മണ്ഡലങ്ങളിലെ തോൽവിക്കും സംഘടന പ്രശ്നങ്ങൾ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഇതേ കുറിച്ചൊന്നും ആത്മപരിശോധന നടത്താതെയാണ് തെറ്റുകൾ തിരുത്താൻ തയാറാകുന്ന സി.പി.എമ്മിനെ ബിനോയ്വിമർശിക്കുന്നതെന്ന കുറ്റപ്പെടുത്തലും ഉയരുന്നു. ഭരണത്തിലെ പോരായ്മകളെ കുറിച്ച് അന്ന് ഒന്നും മിണ്ടാതെ ഇപ്പോൾ കല്ലെറിയുന്നതും സ്വന്തം സംഘടന പ്രശ്നങ്ങൾ മൂടിവെക്കാനുള്ള ഒളിച്ചുകളിയാണെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

