തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പടിവാതിൽക്കൽ; കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനം നേരത്തെയാക്കി മന്ത്രി
text_fieldsപത്തനംതിട്ട : തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ തിരക്കിട്ട നീക്കം. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നിശ്ചയിച്ചിരുന്ന കോഴഞ്ചേരി പാലം അപ്രോച്ച് റോഡിന്റെ ഉദ്ഘാടനമാണ് പെരുമാറ്റച്ചട്ടം ഭയന്ന് ഉച്ചയ്ക്ക് മൂന്നുമണിയിലേക്ക് നേരത്തെയാക്കിയത്. അതേസമയം, പാലമാണോ അപ്രോച്ച് റോഡാണോ ഉദ്ഘാടനം ചെയ്യുന്നത് എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
എട്ടു വർഷമായി നിർമ്മാണം തുടരുന്ന പാലം, പൂർണ്ണ സജ്ജമാകും മുമ്പേ ഉദ്ഘാടനം ചെയ്യാൻ ശ്രമിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. പാലത്തിന്റെ മധ്യഭാഗത്തെ ആർച്ചുകൾ ഉൾപ്പെടെയുള്ള നിർമ്മാണ ജോലികൾ ഇനിയും ബാക്കിയുണ്ടെന്ന് ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ധൃതിയിൽ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ഉദ്ഘാടനത്തെച്ചൊല്ലി അധികൃതർ തന്നെ ആശയക്കുഴപ്പത്തിലാണെന്നതിന്റെ തെളിവാണ് പുറത്തിറക്കിയ രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ. ആദ്യം പ്രചരിച്ച പോസ്റ്ററിൽ 'പാലം ഉദ്ഘാടനം' എന്നായിരുന്നെങ്കിൽ, വിമർശനം ഉയർന്നതോടെ രണ്ടാമത് ഇറക്കിയ പോസ്റ്ററിൽ 'അപ്രോച്ച് റോഡ് ഉദ്ഘാടനം' എന്ന് തിരുത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ഭരണകക്ഷി നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. അപ്രോച്ച് റോഡ് മാത്രമാണ് പൂർത്തിയായതെന്ന് കോഴഞ്ചേരി സി.പി.എം ഏരിയ സെക്രട്ടറി പറയുമ്പോൾ, പാലത്തിന്റെ പെയിന്റിംഗ് പണി മാത്രമേ ബാക്കിയുള്ളൂവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അവകാശപ്പെടുന്നത്. നിർമ്മാണം പൂർത്തിയാകാത്ത പാലത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനെതിരെ നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

