Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടയാർ തീപിടുത്തം;...

എടയാർ തീപിടുത്തം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

text_fields
bookmark_border
എടയാർ തീപിടുത്തം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
cancel

ആലുവ: എടയാർ വ്യവസായമേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഇതിന് പുറമെ നിയമപരമായി തൊഴിലാളിക്ക് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും. തൊഴിലാളികളും മരിച്ച ജീവനക്കാരന്റെ കുടുംബവും നടത്തിയ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച്ച രാത്രി വൈകിയാണ് നഷ്‌ടപരിഹാരം നൽകാൻ തീരുമാനിച്ചത്. അസി. കലക്ടർ പാർവതി ഗോപകുമാർ, ആലുവ ഡി.വൈ.എസ്.പി ബാബു കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ, വൈസ് പ്രസിഡൻറ് വി.കെ. ഷാനവാസ്, കുടുംബാംഗങ്ങൾ, തൊഴിലാളി നേതാവ് അഡ്വ. ടി.ബി. മിനി എന്നിവരുമായി രാത്രി വൈകി നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്.

എടയാർ വ്യവസായ മേഖലയിലെ കരി ഓയൽ സംസ്കരണ സ്ഥാപനമായ സി.ജെ ലൂബ്രിക്കൻസിൽ ഉണ്ടായ തീപിടുത്തത്തിലാണ് അതിഥി തൊഴിലാളിയായ ശത്രുഘ്ജ്ഞൻ മുഖ്യ (42) മരിച്ചത്. തുടർന്ന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് മൃതദേഹം സംസ്‌കരിക്കാതെ കുടുംബവും അതിഥി തൊഴിലാളികളും ചേർന്ന് വെള്ളിയാഴ്ച്ച എടയാർ കവലയിൽ റോഡ് ഉപരോധിക്കുകയായിരുന്നു.

ബിനാനിപുരം ഉഷസിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ടുള്ള ശത്രുഘ്ജ്ഞൻ മുഖ്യ 25 വർഷമായി ഈ കമ്പനിയിൽ ജോലിചെയ്തുവരികയാണ്. ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തിന്റെ വരുമാന സ്രോതസ്സായിരുന്നു ശത്രുഘ്ജ്ഞൻ മുഖ്യ. അപകടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ല കലക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ചർച്ച നടപടികൾ ആരംഭിച്ചു. തുടർന്ന് അടിയന്തര സഹായമായി അഞ്ചുലക്ഷം രൂപ നൽകാനും കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കാനും, സമ്മതമെങ്കിൽ ഭാര്യക്ക് തൊഴിൽ നൽകാനും കമ്പനി മാനേജ്‌മെന്റിന് നിർദേശം നൽകിയതായി ജില്ല കലക്ടർ അറിയിച്ചു. എന്നാൽ, അത് മതിയാവില്ലെന്ന നിലപാടിൽ കുടുംബവും ബന്ധുക്കളും ഉറച്ചു നിന്നതോടെ ഈ ആവശ്യത്തിന് പിന്തുണ നൽകി പ്രദേശവാസികളും കുടുംബത്തോടൊപ്പം ചേർന്നു. ഇതേ തുടർന്ന് അസി. കലക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചത്.

വ്യാഴാഴ്ച്ച രാവിലെ 9.30 ഓടെ കമ്പനിയിലെ തെർമിക് ഫ്ലൂയിഡ് ഹീറ്ററിനാണ് ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് കരി ഓയലിലേക്കും സംസ്കരിച്ച ഓയലിലേക്കും കമ്പനിയുടെ മറ്റ് ഭാഗങ്ങളിലേക്കും തീ പടരുകയായിരുന്നു. ഹീറ്ററിന് തീ പിടിച്ചപ്പോൾ അത് അണക്കാൻ ശ്രമിക്കുന്നതിനിടെ നടന്ന പൊട്ടിത്തെറിയറ്റിലാണ് ശത്രുഘ്ജ്ഞൻ മുഖ്യ അപകടത്തിൽപ്പെട്ടത്.

അതേസമയം, ഡിസംബർ 26ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അധികൃതർ ഈ കമ്പനിയിലടക്കം പരിശോധന നടത്തി നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, അതൊന്നും നടപ്പിലാക്കിയിട്ടില്ലെന്ന് അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ നിരവധി കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തുന്നുണ്ട്. ഇവക്കെതിരെ സമ്പൂർണ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. എടയാർ വ്യവസായ മേഖലയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വ്യവസായ വകുപ്പ് ഡയറക്ടറോട് സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationMigrant workersLatest NewsFire Break Out
News Summary - Edayar fire: Rs 15 lakh compensation announced for the family of the deceased worker
Next Story