മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് അയച്ചത് ലാവലിൻ കേസിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസയച്ചത് എസ്.എൻ.സി ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്ത്. 2023ലാണ് ഇ.ഡി വിവേകിന് സമൻസയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു വിവേകിനെതിരെ ഇ.ഡി അന്വേഷണം. ലാവലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നൽകി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സമൻസ് അയച്ചത്. എന്നാൽ വിവേക് ഹാജരായില്ല.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനായി വിവേകിന് ഇ.ഡി സമൻസയച്ചതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിന്റെ പകർപ്പാണ് പുറത്തായത്.വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി സമൻസ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങൾ.അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് സമൻസയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്.
2020 ലാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന പ്രകാരമായിരുന്നു നടപടി. ദിലീപ് രാഹുലൻ മുഖ്യമന്ത്രിയുടെ മകന്റെ യു.കെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചുവെന്ന മൊഴിയും ഇ.സി.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനും വേണ്ടിയാണ് വിവേകിന് ഇ.ഡി സമൻസയച്ചത്. സമൻസിൽ പിന്നീട് തുടർനടപടികളുണ്ടായില്ല.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു പിണറായി വിജയനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

