Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡി ആർക്കെതിരെ കേസെടുത്തോ, അവർ ബിജെപിയിൽ ചേരുന്നതോടെ ആ കേസ് തീരുമെന്ന് എം.എ. ബേബി; ‘പക്ഷേ ഇവിടെ അവർക്ക് വൻ അബദ്ധം പറ്റി’

text_fields
bookmark_border
ma baby
cancel

കോഴിക്കോട്: വാർത്തകൾ സൃഷ്ടിക്കാൻ ബിജെപിയുടെ എക്സ്റ്റൻഡ് ഡിപ്പാർട്ട്മെന്റ് (ഇ.ഡി) ആയിട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സുപ്രീം കോടതി വരെ തള്ളിയ കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണവുമായി രംഗത്തുവരുന്ന​തെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയ രംഗത്തുള്ളവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തെല്ലാം തരത്തിലുള്ള കേസുകളാണ് എടുത്തിട്ടുള്ളത് എന്ന് എല്ലാവർക്കും അറിയാം. ആർക്കെതിരെയാണോ കേസ് എടുക്കുന്നത്, അവർ ബിജെപിയിൽ ചേരുന്നതോടുകൂടി ആ കേസ് തീരും. ഇവിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പറ്റിയ വലിയൊരു അബദ്ധം, അങ്ങനെ ഇ.ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടിയല്ല സിപിഎം എന്നതാണ്. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇനി കേരളത്തിൽ നിന്ന് മനസ്സിലാക്കാൻ പോവുകയാണ്.

ഇ​​പ്പോൾ അവർ ഉന്നയിക്കുന്ന വിഷയം സുപ്രീം കോടതി വരെ തള്ളിയതാണ്. പിണറായിക്കും മറ്റും എതിരായി കേസ് ചാർജ് ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിണറായി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കോൺഗ്രസിന്റെ ഒരു നിയമസഭാംഗം ആദ്യം വിജിലൻസ് കോടതിയിൽ പോയി. കഴമ്പില്ല എന്ന് പറഞ്ഞുകൊണ്ട് വിജിലൻസ് കോടതി തള്ളി. അപ്പോൾ അദ്ദേഹം ഹൈകോടതിയിൽ പോയി. ഹൈകോടതിയും തള്ളി. ഒടുവിൽ സുപ്രീം കോടതിയിൽ ചെന്നു. സുപ്രീം കോടതിയും തള്ളി. രാഷ്ട്രീയമായി എന്തെങ്കിലും ഉദ്ദേശം ഈ പരാതിയുമായി വന്നയാൾക്ക് ഉണ്ടെങ്കിൽ അത് രാഷ്ട്രീയമായി പോരാടി അവിടെ പരിഹരിക്കേണ്ടതാണെന്നും കോടതിയുടെ സമയം ഇതിനുവേണ്ടി മിനക്കെടുത്തരുത് എന്നുമാണ് സുപ്രീം കോടതി തള്ളുമ്പോൾ പറഞ്ഞത്. ഇതെല്ലാം നമ്മുടെ മുമ്പിലുണ്ട്. ഇതിൽ കൂടുതൽ ഒന്നും ഇതിനെക്കുറിച്ച് പറയേണ്ടതില്ല.

സിപിഎം നേതൃത്വത്തെ ലക്ഷ്യം വെക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമീപനത്തെ അവജ്ഞയോടുകൂടി പാർട്ടി തള്ളിക്കളയുകയാണ്. കേരളത്തിലെ വിഡി സതീശൻ ഗവൺമെന്റ് ഇതിലെന്തോ വലിയ കാര്യമുണ്ട് എന്ന മട്ടിലാണ് ഇപ്പോൾ സംസാരിക്കുന്നത്. കോൺഗ്രസിന്റെ സമുന്നരായ നേതാക്കൾക്ക് എതിരെ ഇതുപോലെ ഇഡിയും മറ്റു പല കേന്ദ്ര ഏജൻസികളും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോൾ കോൺഗ്രസ് നേതാക്കന്മാർ ക്ഷോഭിക്കുകയാണ്. ഇന്നലെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ മന്ത്രിമാർക്കെതിരെ ഇതുപോലെ നീങ്ങിയിട്ടുണ്ട്. തങ്ങൾക്കെതിരെ ഇഡിയും കേന്ദ്ര അന്വേഷണ ഏജൻസികളും നീങ്ങുമ്പോൾ അതിനെ വിമർശിക്കുക; രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി സിപിഎമ്മിന്റെ നേതൃത്വത്തെ ഇഡിയും മറ്റ് ഏജൻസികളും ആക്രമിക്കുമ്പോൾ അതിൽ ആഹ്ലാദിക്കുക എന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ സംസ്കാരരഹിതമായ ഈ ഇരട്ടത്താപ്പിനെ എങ്ങനെയാണ് എഐസിസി നേതൃത്വം കാണുന്നത് എന്നറിയാൻ കൗതുകമുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും ഒക്കെ നിലപാട് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നേതൃത്വവും അംഗീകരിക്കുന്നുണ്ടോ എന്ന് അവർ വ്യക്തമാക്കണം.

ഇ.ഡിയുടെ ബ്ലാക്ക്മെയിലിനെ കുറിച്ച് പിഎ മുഹമ്മദ് റിയാസ് ഇന്ന് പറഞ്ഞിട്ടുണ്ട്. റിയാസിനും വീണക്കും പിണറായിക്കുമെതിരെ എന്തെങ്കിലും പറഞ്ഞ് സാങ്കൽപിക കഥ ഉണ്ടാക്കാൻ സഹകരിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾക്കെതിരെ അടക്കം കേസ് ചാർജ് ചെയ്യും എന്ന് പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. ഇതിൽ നിന്ന് വ്യക്തമാകുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു സംഘമായി മാറിയിരിക്കുകയാണ് എന്നാണ്. കള്ള തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുക എന്നാൽ ഇന്ത്യയിലെ നിലവിലുള്ള നിയമം അനുസരിച്ച് അതൊരു കുറ്റകൃത്യമാണ്. ആ നിലയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധപതിച്ചിരിക്കുന്നു’ -എം.എ. ബേബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED cases end when accused joins BJP, but they made big mistake in kerala, says M.A. Baby
Next Story