തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക: മൂന്ന് ദിവസത്തിനകം
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർ പട്ടിക സംബന്ധിച്ച് മൂന്നുദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ. അതിൽ 1,05,948 എണ്ണം പേര് ചേർക്കാനും മറ്റുള്ളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവക്കുമാണ്. പേര് ചേർക്കാനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്താനും ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ മാറാനും പേര് ഒഴിവാക്കാനുമുള്ള അപേക്ഷ ആഗസ്റ്റ് ഏഴുവരെ നൽകാം.
കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് (ഇ.ആർ.ഒ) ലഭ്യമാക്കണം. ഫാറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകണം.
വാർഡോ, പോളിങ് സ്റ്റേഷനോ മാറിയെങ്കിൽ ഇ.ആർ.ഒ തിരുത്തണം
പുതിയ വാർഡുകൾ പുനഃക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിങ് സ്റ്റേഷനോ മാറിയെങ്കിൽ അവ തിരുത്താൻ സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് കമീഷൻ നിർദേശം നൽകി. 2020 ലെയോ അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെയോ പട്ടികയിൽനിന്ന് മരിച്ചതോ താമസം മാറിയതോ ഇരട്ടിച്ചതോ ആയ 8,76,879 അനർഹരെ ഒഴിവാക്കിയും പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57,460 പേരെ ഉൾപ്പെടുത്തിയുമാണ് 2023ൽ സമ്മറി റിവിഷൻ നടത്തിയത്. 2024ൽ അനർഹരായ 4,52,951 പേരെ ഒഴിവാക്കുകയും അർഹരായ 2,68,907 പേരെ ചേർക്കുകയും ചെയ്തു. വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

