തിരുവനന്തപുരം: ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷെൻറ രണ്ടാമത് പരിസ്ഥിതി പുരസ്കാരം ഗീത വാഴച്ചാലിന് സമ്മാനിച്ചു. കേരള യൂനിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെൻറുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ കേരള ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് 25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം ഗീതയ്ക്ക് കൈമാറി. ഡിപ്പാർട്ട്മെൻറ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഖമറുദ്ദീൻ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. ബി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. സി. ജോർജ് തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ലോകത്തിെൻറ നിലനിൽപ് അപകടത്തിലാക്കും വിധം കാർബൺ ബഹിർഗമനം കൂടുകയാണ്. അതാണ് ആഗോള താപനം കൂട്ടുന്നത്. കാർബൺ പുറന്തള്ളൽ ഇങ്ങനെ തുടർന്നാൽ അധികം വൈകും മുമ്പുതന്നെ 30 ശതമാനം വരെ ജൈവവൈവിധ്യം നശിക്കും. അത് ലോകത്തിെൻറ ആവാസവ്യവസ്ഥയെ തന്നെ തകർക്കും. അതിന് പ്രതിവിധി കണ്ടെത്തുന്നത് ശാസ്ത്രമാണ്. കാർബൺ ബഹിർഗമനം കുറഞ്ഞാൽ ആഗോള താപനം കുറയും. ജോ ബൈഡൻ വന്നതോടെ ഇക്കാര്യത്തിൽ അമേരിക്കൻ നിലപാട് അനുകൂലമായിട്ടുണ്ട്. ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.
2030ൽ ഇത് പൂജ്യം നിലയിലേക്ക് എത്തിക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. 2070ഓടെ ഇന്ത്യ കാർബൺ പുറന്തള്ളൽ പൂജ്യ നിലയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. കാർബൺ രഹിത സമ്പദ് വ്യവസ്ഥയും വ്യവസായവും വന്നാലേ പ്രകൃതി സൗഹൃദപരമായ സുസ്ഥിര വികസനം സാധ്യമാകൂ. അതിന് ഡോ. ഖമറുദ്ദീനെ പോലുള്ളവരുെട പ്രവർത്തനങ്ങളാണ് സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തരിച്ച പ്രമുഖ പരിസ്ഥിതി സമരനായകനും സസ്യശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി ഡിപ്പാർട്ട്മെൻറിലെ റീഡറുമായിരുന്ന ഡോ. ഖമറുദ്ദീെൻറ ഓർമയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരമാണ് ഗീതയ്ക്ക് സമ്മാനിച്ചത്. ഡോ. ഖമറുദ്ദീെൻറ പ്രവർത്തനങ്ങളെ ആസ്പദമാക്കി തയാറാക്കിയ 'ഖമർ: പച്ച തൊട്ട ഓർമകൾ' എന്ന ഫോട്ടോ ആൽബത്തിെൻറ ഡിജിറ്റൽ പ്രകാശനം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആർ. പ്രകാശ് കുമാർ നിർവഹിച്ചു.
എം.എസ്.സി ജനിറ്റിക്സ് ആൻഡ് പ്ലാൻറ് ബ്രീഡിങ്ങിൽ ഒന്നാം റാങ്ക് നേടിയ എസ്. രാഹുൽ രാജ്, രണ്ടാം റാങ്ക് നേടിയ പി.എസ്. അശ്വതി, എം.എസ്.സി ബയോൈവവേഴ്സിറ്റി ആൻഡ് കൺസർവേഷനിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് സഫ്വാൻ, വി.എസ്. വിസ്മയ, രണ്ടാം റാങ്ക് നേടിയ സാന്ദ്ര ചന്ദ്രൻ എന്നിവരെ ആദരിച്ചു. 'വനവും ജൈവവൈവിധ്യ സംരക്ഷണവും' എന്ന വിഷയത്തിൽ അച്ചൻകോവിൽ ഡി.എഫ്.ഒ സുനിൽ സഹദേവൻ പ്രഭാഷണം നടത്തി. പുരസ്കാര ജേതാവ് ഗീത വാഴച്ചാൽ മറുപടി പ്രസംഗം നടത്തി. ഖമറുദ്ദീൻ ഫൗണ്ടേഷൻ ട്രഷറർ സലീം പള്ളിവിള സംസാരിച്ചു. ബോട്ടണി ഡിപ്പാർട്ട്െമൻറ് മേധാവി ടി.എസ്. സ്വപ്ന സ്വാഗതവും വിദ്യാർഥി പ്രതിനിധി അനീഷ നന്ദിയും പറഞ്ഞു.