Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സ്ത്രീകളെ...

'സ്ത്രീകളെ അത്ഭുതവിളക്കിലെ ഭൂതത്തെപ്പോലെ ഒളിച്ചുവെക്കണോ? ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേർഷൻ': ഡോ. ജിന്റോ ജോൺ

text_fields
bookmark_border
dr-jinto-john-slams-kanthapuram
cancel

കോഴിക്കോട്: പൊതുയിടങ്ങളിൽ സ്ത്രീകൾ വരരുതെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡോ. ജിന്റോ ജോൺ. സ്ത്രീകൾ സൗകര്യമുള്ളപ്പോൾ മാത്രം പുറത്തെടുക്കാൻ കുപ്പിയിലാക്കി വെച്ചിരിക്കുന്ന അത്ഭുതവിളക്കിലെ ഭൂതങ്ങളല്ലെന്നും, കാന്തപുരത്തിന്റെ പ്രസ്താവന മനുസ്മൃതിയുടെ പുതിയ പതിപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ജീവിക്കുന്ന കാലത്തിന്റെയും രാഷ്ട്രീയത്തിന്റെയും മാറ്റം മനസ്സിലാക്കാതെയാണ് കാന്തപുരം സംസാരിക്കുന്നതെന്നും, പൊതുയിടങ്ങളിൽ സ്ത്രീകളെ കാണുമ്പോൾ കുഴപ്പം തോന്നുന്ന വൈകൃത മനോരോഗികളായ പുരുഷന്മാരെയാണ് ഒളിച്ചുവെച്ച് ചികിത്സിക്കേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ന്യൂനപക്ഷ അവകാശ സംരക്ഷണവും കാസ്റ്റ് പൊളിറ്റിക്സും സോഷ്യൽ ഇൻക്ലൂഷനും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലിംഗസമത്വത്തിന്റെ രാഷ്ട്രീയവുമെന്ന് ചൂണ്ടിക്കാണിച്ച ഡോ. ജിന്റോ ജോൺ, സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളോട് പോലും തുല്യ നീതി കാണിക്കാത്തവർക്ക് എങ്ങനെയാണ് ഫാസിസ്റ്റ് ഭരണകൂടം നിഷേധിക്കുന്ന നീതിക്ക് വേണ്ടി സംസാരിക്കാനാകുന്നതെന്നും ചോദിച്ചു. സ്ത്രീകൾ വെച്ചുവിളമ്പാനും അലക്കാനും സന്താനനിർമ്മിതിക്കും മാത്രമുള്ളവരോ, സ്റ്റോക്ക്ഹോം സിൻഡ്രോം ബാധിച്ച അടിമകളോ റോബോട്ടുകളോ അല്ലെന്നും ഇന്ത്യൻ ഭരണഘടന പ്രകാരം പുരുഷന്മാരെപ്പോലെ തുല്യാവകാശവും തുല്യാധികാരവുമുള്ള മനുഷ്യരാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൂറ്റാണ്ട് പിന്നിൽ പഞ്ചറായി കിടക്കുന്ന ഇത്തരം കാലഹരണപ്പെട്ട ചിന്തകൾ ഉപേക്ഷിച്ച് സ്വസ്ഥമായി ദൈവനാമം ചൊല്ലിയിരിക്കുന്നതാണ് നല്ലതെന്നും, മതിലുകൾ കടന്നാൽ വിശാലമായ ലോകമുണ്ടെന്ന് തിരിച്ചറിയുന്ന നിലപാടുകൾക്കൊപ്പമേ പുതിയ കാലത്തെ മനുഷ്യരുണ്ടാകൂ എന്നും വ്യക്തമാക്കിയാണ് ഡോ. ജിന്റോ ജോൺ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

അന്യപുരുഷന്മാരുടെ സമീപത്തോ പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരാതെ അവരെ അത്ഭുത വിളക്കിലെ ഭൂതത്തെ പോലെ ഒളിച്ചു വയ്ക്കണമെന്നാണോ? സൗകര്യമുള്ളപ്പോൾ പുറത്തെടുക്കാവുന്ന കുപ്പിയിൽ നിന്ന് വരുന്ന ഭൂതങ്ങളല്ല സ്ത്രീകളെന്ന് നിങ്ങളെന്നാണ് ഇനി മനസ്സിലാക്കുക? ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേർഷനായിപ്പോയി. ഗംഭീര (അ)നീതി വിചാരം!

ജീവിക്കുന്ന നാടിന്റെ, സാഹചര്യത്തിന്റെ, രാഷ്ട്രീയത്തിന്റെ, കാലത്തിന്റെ മാറ്റം മനസ്സിലാക്കാതെ എന്തുതരം വർത്തമാനമാണ് ഉസ്താദേ നിങ്ങളീ പൊതുയിടത്തിൽ വിളമ്പികൊണ്ടിരിക്കുന്നത്? സത്യത്തിൽ പൊതുയിടങ്ങളിൽ സ്ത്രീകളെ കാണുമ്പോൾ കുഴപ്പമുണ്ടെന്ന് തോന്നുന്ന പുരുഷന്മാരെയല്ലേ ഒളിച്ചുവച്ച് ചികിത്സിക്കേണ്ടത്? വൈകൃത മനോരോഗികളെ ഭയന്ന് സ്ത്രീകൾ ഇനി എത്രകാലം കൂടി അകത്തളങ്ങളിലും അറകളിലും ഒളിപ്പിക്കപ്പെടണം? പൊതുയിടങ്ങളിൽ പോലും സ്ത്രീകളെ കണ്ടാൽ അസ്കിത തോന്നുന്നവരെ സ്വകാര്യ സാഹചര്യങ്ങളിലും വീട്ടകങ്ങളിലും എത്രയധികം ഭയപ്പെടണം നമ്മുടെ സ്ത്രീകൾ!

നിങ്ങളുടെയൊക്കെ വണ്ടി നൂറ്റാണ്ട് പിന്നിൽ പഞ്ചറായി കിടക്കുകയാണെന്ന് കൃത്യമായി മനസ്സിലാക്കുന്ന ജെൻ- സി പിള്ളേർ തെരുവിലിറങ്ങി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മുട്ടുകുത്തിക്കുന്ന വാർത്തകൾ കൂടി കാണണം ഇടക്കൊക്കെ. അതുകൊണ്ട് ഈമാതിരി കാലഹരണപ്പെട്ട വർത്തമാനം പറഞ്ഞുകൊണ്ട് വരാതെ കുറേക്കൂടി സ്വസ്ഥമായി ദൈവനാമം ചൊല്ലിയിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കുറച്ച് വെട്ടം വീണാലോ ചിന്തകളിലും വാർത്തമാനങ്ങളിലും.

കുടുംബത്തിലും കൂട്ടത്തിലുമുള്ള സ്ത്രീകളോട് പോലും തുല്യ പരിഗണനയുടെ നീതിബോധമില്ലാതെ വർത്തമാനം പറയുന്നവർക്ക്‌ എങ്ങനെയാണ് ഈ രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടത്താൽ നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടി സംസാരിക്കാൻ സാധിക്കുക? ന്യൂനപക്ഷ അവകാശ സംരക്ഷണവും കാസ്റ്റ് പൊളിറ്റിക്‌സും സോഷ്യൽ ഇൻക്ലൂഷനും ഹരിത രാഷ്ട്രീയവും

പോലെ തന്നെ അതിനോടൊപ്പം അഡ്ഡ്രസ് ചെയ്യപ്പെടേണ്ടതാണ് ജെൻഡർ ഇക്വാളിറ്റിയുടെ രാഷ്ട്രീയവും.

അത് മനസ്സിലാകാത്തവർ എന്ത് വർത്തമാനം പറഞ്ഞാലും അതൊട്ടും കാലികമാകില്ല. പകരം, കാലഹരണപ്പെട്ട വൃത്തികേടായി മാത്രം കണ്ടു തള്ളിക്കളയുകയുള്ളൂ പുതുകാല ജനത.

പൊതുയിടങ്ങളിൽ കൊണ്ടുവരാതെ ചങ്ങലക്കിട്ട് അടുക്കളപ്പുറത്തെ തൂണിലും കോലായിലും പൂട്ടിയിടേണ്ടവരല്ല സ്ത്രീകൾ. വെയ്ക്കാനും വിളമ്പാനും അലക്കിയിടുപ്പിക്കാനും സന്താനനിർമ്മിതിക്കും മാത്രമുള്ളവരോ സ്റ്റോക്ക്ഹോം സിൻഡ്രോം ബാധിച്ച അടിമകളോ ആജ്ഞാനുസരണം പണിയെടുക്കുന്ന റോബോട്ടുകളോ അല്ല അമ്മയും പെങ്ങളും പങ്കാളിയും മകളുമടങ്ങുന്ന ഓരോ സ്ത്രീയുമെന്ന് ഏത് ദൈവമാണ് ഇനി ഭൂമിയിൽ വന്ന് നിങ്ങളെ പഠിപ്പിക്കേണ്ടത് 'ജ്ഞാന പണ്ഡിതരേ'? ഇന്ത്യൻ ഭരണഘടന പ്രകാരം നിങ്ങളെപ്പോലെ തന്നെ തുല്യാവകാശവും തുല്യാധികാരവുമുള്ള മനുഷ്യരും പൗരരുമാണ് അവരെന്ന് ഇനി ഏത് വെളിപാടാണ് നിങ്ങൾക്കിനിയും കിട്ടേണ്ടത് 'ശ്രേഷ്ഠരേ'? മുറ്റത്തിനറ്റത്തെ മതിലുകൾ കടന്നാൽ വിശാലമായ ലോകമുണ്ടെന്ന് തിരിച്ചറിയുന്ന നെറിവിന്റെ കൂടെയേ പുതിയ കാലത്ത് മനുഷ്യരുണ്ടാകൂ എന്ന് മനസ്സിലാക്കുന്നതിന്റെ പേര് കൂടിയാണ് വകതിരിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postKanthapuram AP Aboobacker MusliyarcritismJinto John
News Summary - Dr. Jinto John Slams Kanthapuram A.P. Aboobacker Musliyar Over Remarks on Women in Public Spaces
Next Story