ലക്ഷമി പ്രിയക്ക് പിറകെ വീണ നായർക്കും വോട്ടില്ല; സ്ഥാനാർഥികളിൽ അമളി പറ്റി ട്വന്റി-20
text_fieldsചെങ്ങനാശ്ശേരി : പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതെ പ്രതിസന്ധിയിലായ പാർട്ടിക്ക് വീണ്ടും ഇരുട്ടടി. ചെങ്ങനാശ്ശേരിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സിനിമ താരം വീണ നായരുടെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇക്കാരണത്താൽ ഇരുവർക്കും മത്സരിക്കാൻ കഴിഞ്ഞേക്കില്ല. ഇതോടെ രണ്ടുപേരുടെയും സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം ഉടലെടുത്തു. അനിശ്ചിതത്വത്തെ തുടർന്ന്
പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചിരുന്നു. നിർണായക സാഹചര്യത്തിൽ ഉടലെടുത്ത പ്രതിസന്ധി പ്രചാരണ പരിപാടികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ടെങ്കിലും നടക്കാൻ സാധ്യതയില്ല. പകരം സ്ഥാനാർഥിയെ കണ്ടെത്താനായി പാർട്ടി നേതൃത്വം അടിയന്തര ചർച്ചകൾ ആരംഭിച്ചു.
സിനിമ താരവും 'അമ്മ' സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയെ വലിയ ആവേശത്തോടെയാണ് ട്വന്റി-20 പെരുമ്പാവൂരിൽ അവതരിപ്പിച്ചത്. എന്നാൽ വോട്ടർ പട്ടികയിലെ പേര് സംബന്ധിച്ച സാങ്കേതിക പ്രശ്നം തിരിച്ചടിയാവുകയായിരുന്നു.
നേരത്തെ ബിജെപി അനുകൂല നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ലക്ഷ്മിപ്രിയ, വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മുൻനിർത്തിയാണ് ഇത്തവണ ട്വന്റി-20 സ്ഥാനാർഥിയായത്. പെരുമ്പാവൂർ തന്റെ അയൽപക്കമാണെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾ നേരിട്ടറിയാമെന്നും അവർ മുൻപ് വ്യക്തമാക്കിയിരുന്നു. സിനിമാ രംഗത്തെ പ്രമുഖരായ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവർ തന്റെ പ്രചാരണത്തിന് എത്തുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചിരുന്നു.എന്നാൽ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം ആയതിനുശേഷം മാത്രമേ ഇനി പ്രചാരണ രംഗത്ത് സജീവമാകാൻ ഇരുവർക്കും സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

