വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റ്: സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല- കാലിക്കറ്റ് രജിസ്ട്രാര്‍
text_fieldsകോഴിക്കോട്: സെപ്റ്റംബര്‍ അഞ്ചിന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡിലിറ്റ് നല്‍കുന്നത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കും ഡോക്ടറേറ്റ് ബഹുമതി (ഡി-ലിറ്റ്) നൽകണമെന്ന് ഇടത് അനുകൂല അംഗം സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയമവതരിപ്പിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡിലിറ്റ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഡോ. പി. വിജയരാഘവന്‍ അധ്യക്ഷനായ ഒരു സമിതി ഡിലിറ്റ് നാമനിര്‍ദേശങ്ങള്‍ക്കായി നിലവിലുണ്ട്. ആര്‍ക്കെങ്കിലും ഡിലിറ്റ് നല്‍കുന്നതിനുള്ള നിര്‍ദേശം ഈ സമിതി വഴി എത്തുകയും സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും വേണമെന്ന് രജിസ്ട്രാർ പറഞ്ഞു.
സിന്‍ഡിക്കേറ്റ് തീരുമാനം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിക്കുകയും ചാന്‍സലറുടെ അനുമതിയോടെ മാത്രം നടപ്പാവുകയും ചെയ്യുന്നതാണ്. ആദരസൂചകമായി ഒരു സര്‍വകലാശാല നല്‍കുന്ന ബഹുമതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ലാതെ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഖേദകരമാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു. അതേസമയം, വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇടത് അനുകൂല അംഗത്തിന്റെ നീക്കം ദൂരൂഹമാണെന്നും ആക്ഷേപമുണ്ട്.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി (ഡി-ലിറ്റ്) നൽകണമെന്ന് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കം ഉടലെടുത്തിരുന്നു. വൈസ് ചാൻസലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്.
സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന വിധത്തിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. 'സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളല്ല ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജൻ കോഴ്സുകൾ കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവർത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിനായി പടുത്തുയർത്തുകയും ഇന്നും ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശൻ. ഇരുവരുടെയും പ്രൊഫൈലുകൾ ഡി-ലിറ്റ് നൽകുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണം' -പ്രമേയത്തിൽ പറയുന്നു.
എന്നാൽ, ഡി-ലിറ്റ് നൽകാൻ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിൻവലിക്കണമെന്നും ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും വി.സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അവതാരകൻ പറഞ്ഞു. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് ഈ പ്രമേയം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.