തോൽവി: പിണറായിയെ പഴിക്കാതെ സി.പി.എം
text_fieldsന്യൂഡൽഹി: കേരളത്തിലേറ്റ കനത്ത തോൽവിയിൽ പാർട്ടിയുടെ ഒറ്റയാൻ മുഖമായ പിണറായി വിജയനെ കുറ്റപ്പെടുത്താതെ സി.പി.എം പോളിറ്റ്ബ്യൂറോ. തോൽവിയുടെ ഭാരം വ്യക്തി ഏറ്റെടുക്കേണ്ടതില്ലെന്നും കൂട്ടായ ഉത്തരവാദിത്തമാണെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പിണറായി വിജയൻ തെരഞ്ഞെടുപ്പ് നയിക്കുക മാത്രമാണ് ചെയ്തത്. അത് പ്രചാരണ സമയത്തുതന്നെ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണെന്ന് ബന്ധപ്പെട്ട ഘടകങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനടക്കം രണ്ടുദിവസം ഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പി.ബിയിൽ പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ഉണ്ടായത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി വിശദമായി ചർച്ച ചെയ്യും. ജില്ല സെക്രട്ടേറിയറ്റിലും പാർട്ടിയുടെ എല്ലാതലങ്ങളിലും ചർച്ചകൾ നടത്തി എല്ലാ പാർട്ടി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങൾ പരിഗണിക്കും.
പാർട്ടിയെ ശക്തിപ്പെടുത്താൻ ആഴത്തിലുള്ള തെറ്റ് തിരുത്തൽ നടപടി ഉണ്ടാകും. പ്രതിപക്ഷ നേതാവ് ആരെന്നതിനെ കുറിച്ച് പി.ബിയിൽ ചർച്ച നടന്നിട്ടില്ല. സംസ്ഥാനഘടകം തീരുമാനിച്ചതിനുശേഷം പിന്നീട് ചർച്ചയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.തിരിച്ചടി നേരിട്ടെങ്കിലും, 37.6 ശതമാനം വോട്ട് വിഹിതം നേടാൻ എൽ.ഡി.എഫിന് സാധിച്ചു എന്നത് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയെ തെളിയിക്കുന്നതാണ്. മൂന്നിടത്ത് ബി.ജെ.പിക്ക് വിജയിക്കാനായത് ആശങ്കയുണ്ടാക്കുന്നതാണ്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും ജനങ്ങളുടെ ഉപജീവനത്തിനും ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തെയും ചെറുക്കുന്നതിനും പാർട്ടി തുടർന്നും പ്രവർത്തിക്കുമെന്നും എം.എ. ബേബി വിശദീകരിച്ചു. പശ്ചിമ ബംഗാളിലെ ബി.ജെ.പി വിജയം, അസമിലെ ബി.ജെ.പി വോട്ട് വിഹിതം ഉയർത്തൽ തുടങ്ങിയവ ആശങ്കയുണ്ടാക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്റെ കാര്യം കേരളത്തിൽ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

