ദീപക്കിന്റെ ആത്മഹത്യ: ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാർ, സംഭവത്തിൽ അടിമുടി ദുരൂഹത
text_fieldsകോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിനു പിന്നാലെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സ്വകാര്യ ബസിലെ ജീവനക്കാർ പറയുന്നത്.
പയ്യന്നൂർ-രാമന്തളി റൂട്ടിലോടുന്ന അൽഅമീൻ ബസിലെ ജീവനക്കാരാണ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്. ബസിന്റെ ഉടമ അയച്ചുകൊടുത്ത വിഡിയോ ദൃശ്യങ്ങൾ കണ്ടാണ് തങ്ങളുടെ ബസിലാണ് പരാതിക്കാധാരമായ സംഭവം നടന്നത് എന്നാണ് മനസിലാക്കിയതെന്നും ജീവനക്കാർ പറയുന്നു. ബസിൽ പലപ്പോഴും നല്ല തിരക്കുണ്ടാകാറുണ്ട്. ടിക്കറ്റ് കൊടുത്തുതീർക്കുന്ന ജോലി എത്രയും പെട്ടെന്ന് ചെയ്തുതീർക്കാനാണ് നോക്കാറുള്ളതെന്നും കണ്ടക്ടർ രാമകൃഷ്ണൻ പറയുന്നു. അന്നത്തെ ദിവസം അസ്വാഭാവികമായി എന്തെങ്കിലും നടന്നതായി ഒന്നും ശ്രദ്ധയിൽ പെട്ടതുമില്ല. ഒരു പരാതിയും ആരും പറഞ്ഞിട്ടുമില്ലെന്നും ജീവനക്കാർ പറയുന്നു.
ആരെങ്കിലും പരാതി പറഞ്ഞിരുന്നുവെങ്കിൽ ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുമായിരുന്നു. ബസ് പഴയ സ്റ്റാന്റിൽ എത്തി പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് ആളുകളെ ഇറക്കിയത്. ആ ഘട്ടത്തിലും ഒരാളും പരാതി പറഞ്ഞിരുന്നില്ലെന്നും ബസ് ജീവനക്കാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടത്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്. ബസിൽ വെച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ ദീപക്കിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ദീപക് ജീവനൊടുക്കിയത്.
യുവാവിന്റെ അമ്മയുടെ ആത്മഹത്യയിൽ വടകരയിൽ താമസിക്കുന്ന ഷിംജിത മുസ്തഫക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. 10 വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷിംജിത ഒളിവിലാണ്.
അതിനിടെ, ബസിലെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.40 ഓടെ രാമന്തളിയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്നു അൽ അമീൻ ബസ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനുമിന്നിൽ നിന്നാണ് മുൻവശത്തെ ഡോറിലൂടെ ഇരുവരും ബസിൽ കയറിയത്. ആദ്യം ഷിംജിത കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ ദീപക്കും ബസിലേക്ക് കയറുന്നതും കാണാം. നല്ലതിരക്കാണ് ആ സമയത്ത് ബസിൽ അനുഭവപ്പെട്ടത്. ബസിന് മുൻവശത്തെ സി.സി.ടി.വി കാമറയിൽ ഇരുവരെയും കാണാൻ കഴിയുന്നില്ല.
കേസ് അന്വേഷണം ഊർജിതമാക്കിയ മെഡിക്കൽ കോളേജ് പൊലീസ്, ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബസ് യാത്രക്കിടെ ദീപക് മോശമായി പെരുമാറിയതിനെതിരെ വടകര പോലീസിൽ പരാതി നൽകിയിരുന്നു എന്ന യുവതിയുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതോടെ ഇവർ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഇവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
അതേസമയം, ദീപക്കിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ ഇടപെടുകയും ഉത്തരമേഖലാ ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടുണ്ട്. വസ്തുതാവിരുദ്ധമായ ദൃശ്യങ്ങൾ പ്രചരിച്ചതിലുണ്ടായ മനോവിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ഗൗരവമായാണ് കാണുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

