'മകൻ പാവമായിരുന്നു, അവൻ പേടിച്ചുപോയി, ഒരു പെണ്ണിനോടും അവൻ മോശമായി പെരുമാറിയിട്ടില്ല' ദീപക്കിന്‍റെ മാതാവും പിതാവും
text_fieldsകോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ദീപക്കിന്‍റെ മാതാപിതാക്കൾ. മകൻ പാവമായിരുനെന്നും അവൻ പേടിച്ചുപോയതണെന്നും ദീപക്കിന്‍റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്ത് ഒരച്ഛനും അമ്മക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവരുത്, ഒരു പെണ്ണിനോടും അവൻ മോശമായി പെരുമാറിയിട്ടില്ല. ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്‍റെ അച്ഛൻ പറഞ്ഞു.
അതേസമയം, കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. ദീപക്കിന്റെ മാതാവ് നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെയാണ് ഇവർ ഒളിവിൽ പോയത്.
കേസ് അന്വേഷണം ഊർജിതമാക്കിയ മെഡിക്കൽ കോളേജ് പൊലീസ്, ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബസ് യാത്രക്കിടെ ദീപക് മോശമായി പെരുമാറിയതിനെതിരെ വടകര പോലീസിൽ പരാതി നൽകിയിരുന്നു എന്ന യുവതിയുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതോടെ ഇവർ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഇവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
അതേസമയം, ദീപക്കിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ ഇടപെടുകയും ഉത്തരമേഖലാ ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടുണ്ട്. വസ്തുതാവിരുദ്ധമായ ദൃശ്യങ്ങൾ പ്രചരിച്ചതിലുണ്ടായ മനോവിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ഗൗരവമായാണ് കാണുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.
യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

