മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ കൈതപ്പൊയിലിൽ നിർമാണം പൂർത്തിയാകുന്ന മർകസ് നോളജ് സിറ്റിയിലെ മസ്ജിദിന്റെ ഉൾവശം
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ കൈതപ്പൊയിലിൽ നിർമാണം പൂർത്തിയാകുന്ന മർകസ് നോളജ് സിറ്റിയിലെ മസ്ജിദിന്റെ ആദ്യ കവാടം തുറന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്ക് മസ്ജിദിൽ നടന്ന ആത്മീയ സദസ്സിൽ യെമനിലെ ദാറുൽ മുസ്തഫ യൂണിവേഴ്സിറ്റി തലവൻ ഉമർ ബിൻ ഹഫീസ് തങ്ങളാണ് ആദ്യ കവാടം തുറന്നത്. മസ്ജിദിന്റെ ഒൻപത് കവാടങ്ങളിൽ 'ബാബുസ്സലാം' എന്ന് പേരുള്ള വാതിലാണ് തുറന്നത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ കൈതപ്പൊയിലിൽ നിർമാണം പൂർത്തിയാകുന്ന മർകസ് നോളജ് സിറ്റിയിലെ മസ്ജിദിന്റെ ആദ്യ കവാടം കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആത്മീയ സദസ്സിൽ യെമനിലെ ദാറുൽ മുസ്തഫ യൂണിവേഴ്സിറ്റി തലവൻ ഉമർ ബിൻ ഹഫീസ് തങ്ങൾ തുറക്കുന്നു
പ്രഭാത പ്രാർഥനക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നേതൃത്വം നൽകി. മസ്ജിദിൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് ഇ. സുലൈമാൻ മുസ്‍ലിയാർ, അലി ബാഫഖി തങ്ങൾ, സമസ്ത മുശാവറ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. തുടർ ദിവസങ്ങളിൽ മറ്റു കവാടങ്ങളും വിവിധ പരിപാടികളോടെ തുറക്കുമെന്ന് നോളജ് സിറ്റി അധികൃതർ അറിയിച്ചു. നവംബർ ഇരുപത് വരെ നിശ്ചയിച്ചിരിക്കുന്ന മർകസ് നോളജ് സിറ്റിയുടെ ഉദ്ഘാടന പരിപാടികളിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
അതിനിടെ, രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ചികിത്സക്ക് വേണ്ടി രൂപവത്കരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായ ശമനത്തിനു വേണ്ടി പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു.