നമ്പർ മാറി മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്ത 50,000 രൂപ തിരിച്ചെടുത്ത് കോട്ടയം സൈബർ പൊലീസ്
text_fieldsകോട്ടയം: നമ്പർ മാറി മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്ത 50,000 രൂപ തിരിച്ചെടുത്ത് കോട്ടയം സൈബർ പൊലീസ്. പുതുപ്പള്ളി സ്വദേശി ഷിബുവിനാണ് അബദ്ധം സംഭവിച്ചത്.
ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഷിബു ജോലിചെയ്യുന്ന ഏറ്റുമാനൂരിലുള്ളള്ള റബ്ബർ കമ്പനിക്ക് വേണ്ടി കമ്പനി നിർദേശിച്ച ഫോൺ നമ്പറിലേക്ക് 50,000 രൂപ ഗൂഗിൾ പേ ചെയ്തതായിരുന്നു. എന്നാൽ നമ്പർ തെറ്റി മറ്റൊരക്കൗണ്ടിലേക്ക് പണം പോയി. അബദ്ധം മനസ്സിലാക്കിയ ഷിബു ഉടൻ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഓവർസീസ് ബാങ്കിനെ സമീപിച്ചു. പതിനഞ്ചാം തീയതിക്ക് മുൻപായി പണം തിരികെയെത്തിക്കാൻ സാധിക്കുമെന്നും എന്നാൽ അക്കൗണ്ട് ഹോൾഡർ പണം പിൻവലിച്ചാൽ പണം തിരികെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും എന്നും അറിയിച്ചു. കോട്ടയം സൈബർ പൊലീസിൽ പരാതി നൽകുവാനും ബാങ്കിൽ നിന്നും അറിയിച്ചു.
ഇതോടെ ഷിബു തന്റെ ബന്ധുവായ കോട്ടയം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഉടൻ കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി.
സൈബർ, ഫിനാൻഷ്യൽ ഫ്രോഡ് കേസുകളിൽ എത്രയും പെട്ടെന്ന് ഇടപെടൽ നടത്തണമെന്നും പരിഹാരം ഉണ്ടാക്കണമെന്നുമുള്ള ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജഗദീഷ് വി.ആർ, സി.പി.ഒമാരായ ജോബിൻ സൺ ജെയിംസ്, രാഹുൽ മോൻ കെ.സി എന്നിവർ കൃത്യമായി അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്രയിലുള്ള സോണാലി എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത് എന്ന് മനസ്സിലാക്കി. ഫോണിൽ അക്കൗണ്ട് ഉടമയുമായി സംസാരിക്കുകയും ബാങ്കിങ് സമയം തീരുന്നതിനുമുമ്പായി പണം തിരികെ അയക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇതോടെ ഒരു മണിക്കൂറിനുള്ളിൽ 50,000 രൂപ തിരികെ അക്കൗണ്ടിലേക്ക് എത്തിക്കുവാനും പൊലീസിന് സാധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

