Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് തുടക്കമായി

text_fields
bookmark_border
സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് തുടക്കമായി
cancel

കോഴിക്കോട്: ഇ.ഡി നീക്കം സൃഷ്ടിച്ച പുകച്ചിലുകൾക്കും തെറ്റുതിരുത്തലിന്‍റെ പേരിൽ പാർട്ടിയിലുയർന്ന ചേരിപ്പോരുകൾക്കുമിടയിൽ സി.പി.എം വിശാല സംസ്ഥാന സമിതിയോഗത്തിന് കോഴിക്കോട് തുടക്കമായി. എ.കെ.ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാന കമ്മിറ്റി ചേരുക. ചൊവ്വാഴ്ച വൈകീട്ട് നാലിന് ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെ സംസ്ഥാന സമിതിക്ക് സമാപനമാകും. തുടർന്ന് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.


സമിതിയിൽ വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ തടയുന്നതിന് ജില്ല സെക്രട്ടറിയേറ്റ് യോഗങ്ങളിൽ നിർദേശം നൽകി. തെറ്റ് പറ്റിയത് പാർട്ടിക്കോ ജനങ്ങൾക്കോ എന്നത് സംബന്ധിച്ച് വിവാദം പാർട്ടിക്കുള്ളിൽ തർക്ക വിഷയമായി തുടരുന്നതിനിടെ തെറ്റുതിരുത്തൽ ചർച്ചകൾ വ്യക്തികേന്ദ്രീകൃത വിഭാഗീയതയിലേക്ക് വഴിമാറാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നാണ് വിവരം.


വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ ചോരുന്നത് തടയുന്നതിന് നേരത്തെ ജില്ല സെക്രട്ടറിയേറ്റുകൾക്ക് കർശനം നിർദേശം നൽകിയിരുന്നു. സമിതിയിൽ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റംഗങ്ങളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ ഓരോരുത്തരിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങിയ തലസ്ഥാനത്തെ നടപടിയും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തി വിമർശനങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങൾ.

നേതൃത്വത്തിനോ പാർട്ടിക്കോ തെറ്റുപറ്റിയിട്ടില്ലെന്ന പിണറായി വിജയന്‍റെ നിലപാട് തള്ളി, ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്‍റാണ് പരാജയം എന്ന വാദമുന്നയിച്ച് തോമസ് ഐസക് പരസ്യമായി രംഗത്ത് വന്നതും നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു.

തിരുത്തൽ പ്രക്രിയ ഒരുതരത്തിലും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളരരുത് എന്നതും നേതൃത്വത്തിന് പരിക്കേൽപ്പിക്കരുത് എന്നതുമാണ് ജില്ല സെക്രട്ടറിയേറ്റ് വഴിയുള്ള ‘ഉപരികമ്മിറ്റി’ നീക്കത്തിന്‍റെ ആകെത്തുക. വ്യക്തി വിമർശനങ്ങൾക്ക് പകരം, സംഘടനാപരമായ പോരായ്മകളിലേക്ക് ചർച്ച വഴിതിരിച്ചുവിടാനാണ് ശ്രമം.

വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനായി വിശാല സംസ്ഥാന സമിതിയിൽ തിരുത്തൽ രേഖ അവതരിപ്പിക്കും. ജനങ്ങളുമായി ബന്ധം നേതൃത്വം പുനസ്ഥാപിക്കണം, വിനയത്തോടെ നേതാക്കൾ പെരുമാറണം, യുവാക്കളെ ആകർഷിക്കണം, യുവ നേതാക്കളെ വളർത്തണം, വർഗ ബഹുജന സംഘടനകളുടെ ദൗർബല്യം പരിഹരിക്കണം, മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം, കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും സജീവമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഇതിലുള്ളത്.

അതേസമയം, ചർച്ചയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പങ്കെടുക്കാനാകില്ല. ചർച്ചയിൽ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ മാത്രം പങ്കെടുക്കും. നേതൃമാറ്റം ആവശ്യപ്പെടുന്ന ഭൂരിപക്ഷം ഇതോടെ നിശബ്ദരാകും. ഒരിക്കൽ അംഗീകരിച്ച റിപ്പോർട്ടിൽ അതേ കമ്മിറ്റിയിൽ വീണ്ടും ചർച്ച പതിവില്ല. ഈ പതിവ് മുൻനിർത്തിയാണ് നിയന്ത്രണം. നിയന്ത്രണത്തിൽ പാർട്ടിക്കത്ത് കടുത്ത അതൃപ്തിയാണ് ഉയരുന്നത്. സെക്രട്ടേറിയറ്റ് റിപ്പോർട്ട് വിശാല കമ്മിറ്റിയിൽ നേരിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രം​ഗത്തെത്തി.

വിമർശനവും സ്വയം വിമർശനവും അടിസ്ഥാനമാക്കി ചർച്ചകൾ നടത്തുമെന്നും അപ്രതീക്ഷിത പരാജയം ചർച്ച ചെയ്യുമെന്നും എന്തൊക്കെ തിരുത്തലുകൾ വേണം എന്ന്തീരുമാനിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഇഡി എല്ലാ പ്രതിപക്ഷ നേതാക്കൾക്കുമെതിരെ നീങ്ങുന്നുവെന്ന കാര്യത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് തെറ്റുപറ്റിയത് പരിശോധിക്കാനുള്ള കമ്മിറ്റി അല്ലിതെന്നും വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുകയാണ് കമ്മിറ്റിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വ്യക്തമാക്കി. ഇഡി പാർട്ടിക്കെതിരെ ആദ്യമായല്ല കേരളത്തിൽ എത്തുന്നത്. ഭരണത്തെ ഉപയോഗിച്ച് പാർട്ടിയെ ദുർബലപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM state panel meet begins in Kozhikode
Next Story