ജനത്തെ കേൾക്കാത്തത് വീഴ്ച; നേതൃത്വവും പ്രവർത്തകരും തമ്മിൽ വലിയ വിടവെന്ന് സി.പി.എം റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ ഇടതു മന്ത്രിമാർക്ക് വീഴ്ച പറ്റിയെന്നും ചില മന്ത്രിമാരെ നേരിൽ കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ രൂക്ഷ വിമർശനം. മന്ത്രിമാർ ഭരണപരമായ കാര്യങ്ങൾക്കായി ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചു. ഭരണം മുഴുവൻ സർക്കാർ സംവിധാനങ്ങളിലൂടെയും ഉദ്യോഗസ്ഥരിലൂടെയുമാണ് നടക്കുന്നത് എന്ന ധാരണ പാർട്ടി കേഡർമാരിലുണ്ടായി.
ഇതിനാൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ തങ്ങളുടെ സജീവ ഇടപെടൽ ആവശ്യമില്ലെന്ന് ഒരു വലിയ വിഭാഗം പ്രവർത്തകർ കരുതി. പാർട്ടിയുടെ വർഗ-ബഹുജന സംഘടനകൾ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ഏറ്റെടുക്കുന്നതിന് പകരം അത് ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്തു. ഇത് അടിസ്ഥാന വർഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പാർട്ടിക്കുണ്ടായിരുന്ന സ്വാധീനം കുറയാൻ കാരണമായി.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലത്ത് ഭരണത്തിലിരിക്കുന്നത് കൊണ്ട് ജനകീയ സമരങ്ങൾ സംഘടിപ്പിക്കുന്നത് പാർട്ടിയും സംഘടനകളും വേണ്ടെന്ന് വെച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രീതി അവഗണിക്കപ്പെട്ടത് ജനങ്ങൾ പാർട്ടിയുമായി അകലാനിടയാക്കി. പാർട്ടി നേതൃത്വവും താഴെത്തട്ടിലുള്ള പ്രവർത്തകരും തമ്മിൽ വലിയ വിടവ് രൂപപ്പെട്ടതായും ഇത് വോട്ടുചോർച്ചക്ക് കാരണമായെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. സ്ഥാനാർഥി നിർണയത്തിൽ സ്വജനപക്ഷപാതവും പക്ഷപാതപരമായ നിലപാടുകളും ഉണ്ടായെന്ന ആരോപണങ്ങളെ ഫലപ്രദമായി നേരിടാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ജമാഅത്തെ ഇസ്ലാമിക്ക് പങ്ക്’
ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി പരസ്യമായി രംഗത്തിറങ്ങുകയും പ്രചാരണം നടത്തുകയും ചെയ്തുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. ഇടതു മുന്നണിക്കെതിരെ ന്യൂനപക്ഷ വോട്ടർമാരെ സംഘടിപ്പിക്കുന്നതിൽ ഈ സംഘടനകൾ നിർണായക പങ്ക് വഹിച്ചു. സി.പി.എമ്മിനും എൽ.ഡി.എഫിനും ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണം ജമാഅത്തെ ഇസ്‌ലാമിയും മുസ്‍ലിം ലീഗും ചേർന്ന് ഉന്നയിച്ചു. ജമാഅത്തെ ഇസ്‌ലാമിയെയും വെൽഫെയർ പാർട്ടിയെയും ‘പിന്തിരിപ്പൻ’, ‘വിഭാഗീയ’ ശക്തികളായാണ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. വേണ്ടത്ര എണ്ണം ന്യൂനപക്ഷ പ്രതിനിധികളെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ട് പറയുന്നു.
വലിച്ചുനീട്ടിയ പ്രസംഗങ്ങൾ തിരിച്ചടിയായി
നേതാക്കൾ നടത്തുന്ന വലിച്ചുനീട്ടിയ പ്രസംഗങ്ങൾ പോരായ്മായെന്ന് കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. രാഷ്ട്രീയ വിഷയങ്ങളിൽ എതിരാളികളെ കൃത്യമായി തിരിച്ചറിഞ്ഞ് അവരെ വിമർശിക്കുന്നതിൽ ആവശ്യമായ രാഷ്ട്രീയ മൂർച്ച പ്രസംഗങ്ങളിൽ ഉണ്ടായിരുന്നില്ല എന്നത് വലിയ വീഴ്ചയാണ്. യോഗങ്ങൾ അച്ചടക്കത്തോടെ സംഘടിപ്പിക്കേണ്ടതുണ്ടെന്നും പ്രസംഗങ്ങളുടെ ദൈർഘ്യവും വിനിമയ ശൈലിയും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ ആവശ്യമാണെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ചില നേതാക്കൾ പൊതുവേദികളിലോ മാധ്യമങ്ങളോടോ സംസാരിക്കുമ്പോൾ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള പ്രവർത്തകരുടെ എണ്ണത്തിൽ കുറവുണ്ടായതും സംഘടനകൾക്കുള്ളിലെ രാഷ്ട്രീയവത്കരണത്തിന്റെ കുറവും പ്രചാരണത്തെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

