വിഴിഞ്ഞം വികസന പദ്ധതി സംബന്ധിച്ച് 1956ലെ പാർട്ടി രേഖകളിൽ ഉണ്ടെന്ന് എം.എ. ബേബി; 'അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇപ്പോൾ നിരവധിയാളുകൾ'
text_fieldsതൃശൂർ: വിഴിഞ്ഞം വികസന പദ്ധതി സംബന്ധിച്ച് 1956ലെ പാർട്ടി രേഖകളിൽ ഉണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തൃശൂരിൽ ഇ.എം.എസ് സ്മൃതി സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. തൃശൂർ തന്നെയാണ് അതിന് വേദിയായത്. ’56ൽ തൃശൂരിൽ ചേർന്ന പാർട്ടി യോഗത്തിന്റെ രേഖയിൽ വിഴിഞ്ഞത്തെ സംബന്ധിച്ച് പരാമർശമുണ്ട്. ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ നിരവധിയാളുകൾ രംഗത്തുണ്ട്.
മുതലാളിത്ത ഇന്ത്യയുടെ ഭാഗമാണ് കേരളവും. അതിന്റെ എല്ലാവിധ പരിമിതിയിലും നിന്നുകൊണ്ടാണ് 1957ലെ ഇ.എം.എസ് സർക്കാറും പ്രവർത്തിച്ചത്. അപ്പോഴും സാധ്യമായ ബദൽ തേടിയിരുന്നു. കേന്ദ്രസർക്കാർ വൃത്തികെട്ട രീതിയിൽ കേരളത്തോട് പെരുമാറിക്കൊണ്ടിരിക്കുകയാണെന്നും അതിനെ സൂചിപ്പിക്കാൻ മനസ്സിൽ തോന്നുന്ന എന്ത് മോശം വാക്ക് പ്രയോഗിച്ചാലും തെറ്റില്ലെന്നും എം.എ. ബേബി പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ ഇ.എം.എസ് സ്മൃതി പ്രസംഗങ്ങളുടെ സമാഹാരമായ പുസ്തകം എം.എ. ബേബി പി.ബി അംഗം യു. വാസുകിക്ക് നൽകി പ്രകാശനം ചെയ്തു. ശനിയാഴ്ച സെമിനാറിന്റെ സമാപനത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഫ. പ്രഭാത് പട്നായക്, സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

