സി.പി.എം പുറത്തെടുക്കുന്നത് ‘കാർഡ് മാറ്റ’ രാഷ്ട്രീയം
text_fieldsതിരുവനന്തപുരം: അയ്യപ്പസംഗമത്തിനും സമുദായ സംഘടനകളുടെ പിന്തുണക്കും പിന്നാലെ മുസ്ലിം ലീഗിനെ ഉന്നമിട്ടുള്ള സി.പി.എം നീക്കത്തിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കാർഡുമാറ്റ രാഷ്ട്രീയം. മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവും അതിരുവിട്ട പരാമർശങ്ങളും നടത്തുന്ന വെള്ളാപ്പള്ളി നടേശനെ ചേർത്തുപിടിച്ചതിലൂടെയും ഒടുവിൽ യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന പാർട്ടി സെക്രട്ടറിയുടെ പരാമർശത്തിലും വെളിപ്പെടുന്നത് സി.പി.എം പയറ്റാനിരിക്കുന്ന രാഷ്ട്രീയമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമാണ് നിലപാടുകളിലെ ഈ വഴിമാറ്റം. 2021ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സൃഷ്ടിച്ച സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ പുതിയ പതിപ്പാണ് തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.
വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ജയം ന്യൂനപക്ഷ വിജയമാണെന്ന് വരുത്താൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾ ശരിവെച്ചുള്ള വിജയരാഘവന്റെ പാരാമർശങ്ങൾ മുതൽ ഇതിന്റെ സൂചനകൾ പ്രകടമാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ കുറച്ച് കൂടി വ്യക്തതയോടെ ഈ സമീപനങ്ങൾ വെളിപ്പെട്ടു. അയ്യപ്പസംഗമത്തോടെ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യത്തിൽ പ്രത്യേക പ്രകോപനങ്ങളൊന്നുമില്ലാതെയാണ് ലീഗിനെതിരായ പാർട്ടി സെക്രട്ടറിയുടെ പരാമർശം.
യു.ഡി.എഫ് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കൂടി ഉന്നമിട്ടുള്ളതാണ് ഇത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലും ആലപ്പുഴയിലുമടക്കം സി.പി.എമ്മിന് ലഭിച്ചിരുന്ന ഈഴവവോട്ടുകൾ ബി.ജെ.പിക്ക് പോയിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 സെപ്റ്റംബര്‍ 29 സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാറിനും മുന്നണിക്കും 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കിട്ടിയത്. സി.പി.എമ്മിന് പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകളും വഴിമാറിപ്പോയി. പിന്നീടുവന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഈ വോട്ട് തിരികെ പിടിക്കാനായില്ല.
ഭരണവിരുദ്ധ വികാരം കൂടിയായതോടെ പിന്നീടു വന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിൽ നാലിലും ഇടതുമുന്നണിക്ക് പച്ച തൊടാനായില്ല. മാത്രമല്ല, 2019 ലേതിന് സമാനം ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും മുന്നണി തകർന്നടിഞ്ഞു. വീണ്ടും ഭരണം ലക്ഷ്യമിട്ട് കളത്തിലുള്ള ഇടതുമുന്നണിയെ സംബന്ധിച്ച് ലക്ഷ്യസാഫല്യത്തിന് ശബരിമല വിധിയെ തുടർന്ന് അകന്ന വോട്ട്ബാങ്ക് തിരികെയെത്തിക്കൽ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

