കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാവുമെന്ന ബി.ജെ.പി പ്രചാരണം പോലെ വർഗീയമാണ് ബാലന്റെ വാക്കുകളും; സംഘ്പരിവാർ അജണ്ട സി.പി.എം ഏറ്റെടുത്തിരിക്കുന്നു -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: രാജ്യവ്യാപകമായി ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന വർഗീയ പ്രചാരണ അജണ്ട കേരളത്തിൽ സി.പി.എം ഏറ്റെടുത്ത് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ.കെ ബാലന്‍റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.കെ ബാലന്റെ പ്രസ്താവനയെ സി.പി.എം അനുകൂലിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന പ്രസ്താവന അപകടകരമാണ്. ബാലന്റേത് വർഗീയ പ്രസ്താവനയാണ്. സി.പി.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
‘ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന പ്രചാരണങ്ങൾക്ക് സമാനമാണ് ബാലന്റെ വാക്കുകൾ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്ന പ്രസ്താവന സംഘ്പരിവാർ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന വർഗീയ പ്രചാരണങ്ങളുടെ അതേ പതിപ്പാണ്. കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ പ്രചാരണത്തിന് സമാനമാണ് ഇതും. സമുദായങ്ങളെ ഭിന്നിപ്പിച്ച്, തമ്മിലടിപ്പിക്കുന്നതിനായി സംഘ്പരിവാർ പയറ്റിയ അതേ തന്ത്രം തന്നെയാണ് കേരളത്തിൽ സി.പി.എമ്മും നടത്തുന്നത്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ബാലന്റെ പ്രസ്താവന’ -വി.ഡി സതീശൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനയെ എതിർത്ത സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം എ.കെ ബാലന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോയെന്നും ചോദിച്ചു. കേരളത്തിൽ വിദ്വേഷത്തിന്റെ കാമ്പയിൻ നടത്താനുള്ള പ്രചാരണം മതേതര കേരളം ചെറുത്തു തോൽപിക്കുമെന്നും വ്യക്തമാക്കി.
സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ സംരക്ഷിക്കുകയാണ് സി.പി.എം. എന്ത് കൊണ്ട് പദ്മകുമാറിനെ സി.പി.എം പുറത്താക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു എ.കെ ബാലന്റെ വിദ്വേഷ പ്രസ്താവന.
‘ഏതെങ്കിലും സാഹചര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ, രണ്ടു ദിവസംകൊണ്ട് അവരെ ബി.ജെ.പിയായി മാറും. യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കും. അപ്പോൾ പലമാറാടുകളും ആവർത്തിക്കും. അതിനു പറ്റിയ സമീപനാമാണ് ലീഗും, ആർ.എസ്.എസും സ്വീകരിക്കുന്നത്. ഒന്നാം മാറാടും, രണ്ടാം മാറാടും സംഭവിച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമി നോക്കി നിന്നു. അവിടെ ജീവൻ കൊടുത്ത് നേരിട്ടത് എന്റെ പ്രസ്ഥാനമാണ്’ - എന്നായിരുന്നു എ.കെ ബാലന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

