‘പിണറായി തന്നെ നയിക്കും; വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ 100 സീറ്റ് മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നം’ -എ.കെ ബാലൻ
text_fieldsപാലക്കാട്: ഭരണത്തിൽ തുടർച്ചയായി മൂന്നാം ഊഴം തേടുന്ന എൽ.ഡി.എഫിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ നയിക്കുമെന്ന സൂചനയുമായി മുതിർന്ന സി.പി.എം നേതാവ് എ.കെ ബാലൻ. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും, പിണറായി മത്സരിക്കുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും എ.കെ ബാലൻ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായും അലസ്സിപ്പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റെന്ന യു.ഡി.എഫിന്റെ ലക്ഷ്യം, മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും മുൻ മന്ത്രി കൂടിയായി ബാലൻ പരിഹസിച്ചു.
ഇടതു മുന്നണി തുടർച്ചയായി മൂന്നാം വട്ടവും അധികരത്തിൽ വരും. വർഗീയ കലാപങ്ങൾ തടഞ്ഞത് ഇടത് സർക്കാരാണ്. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ആർ.എസ്.എസിനെതിരെ ശക്തമായ നിലപാടെടുത്ത് മാറ് കാട്ടിയ ധീരനാണ് പിണറായി വിജയൻ. മതന്യൂനപക്ഷങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകര്യതയും പ്രതിച്ഛായയുമാണുള്ളത് -എ.കെ ബാലൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളോടും മതന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടിനോടും യോജിപ്പില്ലെന്നും എ.കെ ബാലൻ പറഞ്ഞു. ‘വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. എന്നാൽ, അതിനുള്ള അവസരം ഒരുക്കിയത് മുസ്‍ലിം ലീഗാണ്. ജമാഅത്തെ ഇസ്‍ലാമിയേക്കാൾ മോശം രീതിയിലാണ് ലീഗിന്റെ ചില നേതാക്കൾ പ്രതികരിക്കുന്നത്.
‘ഏതെങ്കിലും സാഹചര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ, രണ്ടു ദിവസംകൊണ്ട് അവരെ ബി.ജെ.പിയായി മാറും. യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കും. അപ്പോൾ പലമാറാടുകളും ആവർത്തിക്കും. അതിനു പറ്റിയ സമീപനാമാണ് ലീഗും, ആർ.എസ്.എസും സ്വീകരിക്കുന്നത്. ഒന്നാം മാറാടും, രണ്ടാം മാറാടും സംഭവിച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമി നോക്കി നിന്നു. അവിടെ ജീവൻ കൊടുത്ത് നേരിട്ടത് എന്റെ പ്രസ്ഥാനമാണ്’ -എ.കെ ബാലൻ പറഞ്ഞു.
കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആർ.എസ്.എസും ജമാഅത്തും പാലക്കാട് കലാപത്തിന് ശ്രമിച്ചെന്നും എ.കെ ബാലൻ ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

