വിമർശിക്കുന്നവരോട് തട്ടിക്കയറരുത്; തിരുത്തണം- സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ എംഎ ബേബി
text_fieldsകോഴിക്കോട്: വിമർശിക്കുന്നവരോട് തട്ടിക്കയറുകയല്ല വേണ്ടതെന്നും തിരിച്ചടിക്ക് കാരണം ശ്രദ്ധക്കുറവും വീഴ്ചകളുമാണെങ്കിൽ അവ തിരിച്ചറിഞ്ഞ് സത്യസന്ധമായി തിരുത്തുകയാണ് വേണ്ടതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തെറ്റുപറ്റുന്നത് മനുഷ്യസഹജമാണ്. അവ തിരിച്ചറിയുകയും തിരുത്താൻ വേണ്ട ഇടപെടൽ നടത്തുകയും ചെയ്യുകയാണ് കമ്യൂണിസ്റ്റ് സമീപനമെന്നും ബേബി കൂട്ടിച്ചേർത്തു. സി.പി.എം വിശാല സംസ്ഥാന സമിതി യോഗം കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി വളർന്നു പന്തലിച്ചിട്ടുണ്ടെങ്കിലും ബലഹീനതകളും കുറവുകളുമുണ്ടാകാം. തിരുത്തൽ നടപടിക്ക് വിധേയമാകാൻ എല്ലാവരും തയാറായിട്ടുണ്ട്. ഇ.എം.എസും നായനാരും വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം ചർച്ചയുടെ ഭാഗമായി തിരുത്തലിന് വിധേയരായവരാണ്. അത് പാർട്ടിക്ക് മൊത്തം ബാധകമായ കാര്യമാണ്.
നാട്ടുകാർ പാർട്ടി പരിപാടിയും പ്രമേയവും വായിച്ച് പഠിച്ചല്ല സി.പി.എമ്മിനെ മനസ്സിലാക്കുന്നത്. പാർട്ടിക്കാർ അവരോട് എങ്ങനെ പെരുമാറുന്നുവെന്നത് മനസ്സിലാക്കിയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്താവനയെന്ന നിലയിലാണ് ഓരോരുത്തരുടെയും ജനങ്ങളോടുള്ള പെരുമാറ്റം വിലയിരുത്തപ്പെടുക. അതുകൊണ്ട് ഇക്കാര്യത്തിൽ സജീവ ജാഗ്രത വേണം.
ഒന്നാം ഇ.എം.എസ് സർക്കാറിനെതിരെയുണ്ടായ വിമോചന സമര മാതൃകയിലെ വ്യാജ പ്രതീതി നിർമാണം 2026ലുമുണ്ടായി. ഇത്തരമൊരു നീക്കം നടക്കുന്നതായി തിരിച്ചറിയാനോ ചെറുത്തു തോൽപ്പിക്കാനോ കഴിഞ്ഞില്ല എന്നതും പോരായ്മയാണ്. സംഘടനപരാമായ പോരായ്മകൾ അംഗീകരിക്കുമ്പോൾതന്നെ മറുഭാഗത്തും ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്നത് തിരിച്ചറിയണമായിരുന്നു. ഈ വ്യാജ പ്രതീതി നിർമാണത്തിന് വഴിയൊരുക്കിയ കാരണങ്ങളും ശ്രദ്ധക്കുറവുമുണ്ടെങ്കിൽ അതും പാർട്ടി പരിശോധിക്കണമെന്നും ബേബി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

