ഇല്ലാത്ത ഉത്തരവിന്റെ പേരിൽ സീനിയോറിറ്റി ലിസ്റ്റ് തിരുത്തി; അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിൽ അട്ടിമറി
text_fieldsകോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ സ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിന് പ്രസിദ്ധീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പിൻവലിച്ചു തിരുത്തിയതായി പരാതി. കാസർകോട് , വയനാട്, ഇടുക്കി ജില്ലകളിൽ 10 വർഷം പൂർത്തിയാക്കിയ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ സീനിയോറിറ്റി ഇരട്ടിയാക്കി പരിഗണിച്ചാണ് അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തിരുത്തി പ്രസിദ്ധീകരിച്ചത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിനും നിയമനത്തിനും മാനദണ്ഡങ്ങൾ നിഷ്‍കർഷിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 22.01.2026 നു പുറപ്പെടുവിച്ച 6/2026 നമ്പർ ഉത്തരവിന്റെ പേരിലാണ് സീനിയോറിറ്റി ലിസ്റ്റ് തിരുത്തിയത്. എന്നാൽ, സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിനും നിയമനത്തിനും മാത്രമുള്ള ഈ ഉത്തരവ് അധ്യാപകർക്ക് കൂടി ബാധകമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഉത്തരവ് ഇറക്കിയിട്ടുമില്ല.
സംസ്ഥാന ജീവനക്കാർക്ക് വേണ്ടി പുറത്തിറക്കുന്ന ഉത്തരവുകൾ അധ്യാപകർക്ക് കൂടി ബാധകമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതാണ് കീഴ്വഴക്കം. മാത്രമല്ല, കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിലേത് ഉൾപ്പെടെയുള്ള മലയോര - വന മേഖലകളിലും ഉൾപ്രദേശങ്ങളിലും ജോലി ചെയ്യുന്ന അധ്യാപകരുടെ ഒരു വർഷത്തെ സേവനകാലം അന്തർജില്ല സ്ഥലംമാറ്റത്തിന് മാത്രം ഒന്നര വർഷം ആയി പരിഗണിക്കുന്ന ആനുകൂല്യം പൊതു വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി നിലവിലുള്ള സാഹചര്യത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ പുതിയ ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പിൽ അപ്രസക്തമാണ്.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 22.01.2026 ലെ ഉത്തരവിലുള്ള മറ്റൊരു നിർദേശവും ഇതുവരെ വിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിയിട്ടുമില്ല. പൊതു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ, ഇല്ലാത്ത ഉത്തരവിന്റെ പേരിൽ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റം അട്ടിമറിച്ചതിന് പിന്നിൽ സ്വാർഥ താൽപര്യക്കാരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കാത്ത ഉത്തരവിന്റെ പേരിൽ അനർഹമായി നൽകിയ സീനിയോറിറ്റി റദ്ദാക്കി അധ്യാപകരുടെ അന്തർജില്ല സ്ഥലമാറ്റത്തിന് നീതിപൂർവമായി സീനിയോറിറ്റി ലിസ്റ്റ് തയാറാക്കണമെന്നാവശ്യപ്പെട്ട് 11 ജില്ലകളിൽ നിന്നുള്ള അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിനും വിദ്യാഭാസ മന്ത്രിക്കും പരാതി നൽകി.
ഉദ്യോഗസ്ഥ ഭരണ വകുപ്പിന്റെ പുതിയ മാനദണ്ഡ പ്രകാരം കാസർഗോഡ് , വയനാട്, ഇടുക്കി ജില്ലകളിലായി നിലവിലുള്ള എട്ട് മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും അന്തർജില്ല സ്ഥലം മാറ്റത്തിനു 10 വർഷത്തെ സേവനം 20 വർഷം ആയി പരിഗണിക്കുന്ന ആനുകൂല്യം ലഭിക്കുകയും, മറ്റു 11 ജില്ലകളിലെ മലയോര - വന മേഖലകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള അധ്യാപകർ സീനിയോറിറ്റി ലിസ്റ്റുകളിൽ ഏറെ പിന്നിലേക്ക് താഴുകയും ചെയ്യും.
കാസർകോട് , വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ അധ്യാപകർക്കും ഒരേ പരിഗണന ലഭിക്കുകയും, മറ്റു 11 ജില്ലകളിൽ മലയോര - വനമേഖലകളിലും, ഉൾപ്രദേശങ്ങളിലും വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ഇനി ഒരിക്കലും സീനിയോറിറ്റിയിൽ മുൻഗണന ലഭിക്കാത്ത വിധം അവഗണിക്കപ്പെടുകയും ചെയ്യും. തിരുത്തി വന്ന സീനിയോറിറ്റി ലിസ്റ്റിൽ പിന്നിലുണ്ടായിരുന്നവരെ മുന്നിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

