കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: പുറമെ ശാന്തം, അകം പ്രക്ഷുബ്ധം
text_fieldsതിരുവനന്തപുരം: ഹൈകമാൻഡ് കടുപ്പിച്ചതോടെ കോൺഗ്രസിൽ മുഖ്യമന്ത്രി കസേര ഉന്നമിട്ടുള്ള ചരടുവലികളും പക്ഷംചേരലുകളും പുറമെ ശാന്തമായെങ്കിലും അകത്ത് പ്രക്ഷുബ്ധമായി തുടരുന്നു. മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന മൂന്ന് ക്യാമ്പുകളും കൃത്യമായ കണക്കുകൂട്ടലിൽ തന്നെയാണ്.
കെ.സി. വേണുഗോപാലിനെതിരെ ചാനലുകളിലുണ്ടായ പരാമർശങ്ങൾക്ക് മറുപടിയായി തുടങ്ങിയ സാമൂഹികമാധ്യമ നീക്കങ്ങൾ, കെ.സിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രി കാമ്പയിനിങ്ങായി മാറിയതാണ് വ്യാഴാഴ്ച കണ്ടത്. ഇതാകട്ടെ ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്ന സംശയയം കെ.സി ക്യാമ്പിനുണ്ട്. ജനവിധിക്ക് ശേഷം വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും മുൻനിർത്തിയുള്ള ചർച്ചകൾ തർക്കത്തിലേക്ക് വഴിമാറുന്ന ഘട്ടത്തിൽ ‘ഒത്തുതീർപ്പ് മുഖ്യമന്ത്രി’ എന്ന നിലയിലാണ് കെ.സിയുടെ വരവ് പ്രതീക്ഷിച്ചത്.
എന്നാൽ, കെ. സുധാകരന്റെ കെ.സി അനുകൂല പോസ്റ്റും പിന്നാലെ വ്യാപകമായ സാമൂഹികമാധ്യമ നീക്കങ്ങളും സാഹചര്യങ്ങളെ അപ്രതീക്ഷിതമായി വഴിമാറ്റി. ‘ഒത്തുതീർപ്പ്’ എന്ന സ്വാഭാവികതക്കപ്പുറം ‘അവകാശവാദം’ എന്നതിലേക്ക് കാര്യങ്ങൾ ചുരുങ്ങി. ഇതാണ് കെ.സി ക്യാമ്പിന്റെ ആശങ്ക. കഴിഞ്ഞ ദിവസം വരെ രമേശ് ചെന്നിത്തലക്കുവേണ്ടി വാദിച്ചിരുന്ന കെ. സുധാകാരൻ മലക്കം മറിഞ്ഞതും കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തിയതും സംശയാസ്പദമാകുന്നതും ഈ അർഥത്തിലാണ്. മാത്രമല്ല, ഐ ഗ്രൂപ്പിലെ പ്രമുഖരായ പലരും കെ.സിക്കുവേണ്ടി ഫേസ്ബുക്കിൽ രംഗത്തെത്തുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ടാണ് സുധാകരന്റെ വെടിപൊട്ടിക്കൽ. നേരത്തെ ചെന്നിത്തലക്കുവേണ്ടി വാദിച്ചതും സതീശൻവിരുദ്ധ നീക്കത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ പേരുകൾ മാറിയെങ്കിലും ഉന്നം മാറ്റിയില്ല. സതീശൻ വനവാസത്തിന് പോകണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, വാക്കുപാലിക്കുന്ന ആളാണെങ്കിൽ പോകേണ്ടിവരുമെന്ന പരിഹാസ മുനയുള്ള പരാമർശവും നേരത്തെ സുധാകരനിൽ നിന്നുണ്ടായിരുന്നു. ഇത്തരം ചർച്ചകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും വേണുഗോപാൽ പ്രതികരിച്ചിരുന്നു. അതേസമയം, നിലവിലെ വിവാദങ്ങളിൽ ചെന്നിത്തല, സതീശൻ ക്യാമ്പുകൾ നിശ്ശബ്ദമാണ്. കുടുംബസമേതം ഇടുക്കിയിലായിരുന്ന വി.ഡി. സതീശൻ ചർച്ചകളോട് പ്രതികരിച്ചിട്ടില്ല. രമേശ് ചെന്നിത്തല ഡൽഹിയിലാണ്. രണ്ടു ക്യാമ്പുകളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കോൺഗ്രസിലെ ഈ ആഭ്യന്തര തർക്കങ്ങൾ യു.ഡി.എഫിലെ ഘടകകക്ഷികളെ അസ്വസ്ഥരാക്കുന്നുണ്ട്. മുസ്ലിം ലീഗ് ഈ സാഹചര്യത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

