Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേ​​വാ​​യൂ​​രി​​ലെ...

ചേ​​വാ​​യൂ​​രി​​ലെ സ്വ​​പ്‌​​ന​​ങ്ങ​​ളും തെ​​ങ്ങി​​ല​​ക്ക​​ട​​വി​​ലെ വ​​വ്വാ​​ലു​​ക​​ളും

text_fields
bookmark_border
ചേ​​വാ​​യൂ​​രി​​ലെ സ്വ​​പ്‌​​ന​​ങ്ങ​​ളും തെ​​ങ്ങി​​ല​​ക്ക​​ട​​വി​​ലെ വ​​വ്വാ​​ലു​​ക​​ളും
cancel
camera_alt

സർക്കാർ അധികൃതർ തിരിഞ്ഞുനോക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന മാവൂർ തെങ്ങിലക്കടവ് മലബാർ കാൻസർ സെന്റർ കെട്ടിടം

ആരോഗ്യരംഗത്ത് പുതിയ അധ്യായം തുറക്കുന്ന ആഹ്ലാദത്തിലാണ് നാം. രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രക്രിയാ ഇൻസ്റ്റിറ്റ്യൂട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ((KIOTT) കോഴിക്കോട് ചേവായൂരിൽ ഉയരാൻ പോകുന്നു.

525 കോടി രൂപയുടെ ബൃഹദ് പദ്ധതി വഴി ലോകോത്തര നിലവാരത്തിൽ അവയവമാറ്റ ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനം- ‘കേരള മോഡൽ’ ആരോഗ്യ സംരക്ഷണത്തിന്റെ പുതിയ പ്രഖ്യാപനമായി അവതരിപ്പിക്കപ്പെടുന്നു. കണക്കുകൾ വലിയതാണ്; പ്രതീക്ഷകളും. സർക്കാർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, നമ്മുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ പുതിയ പ്രഖ്യാപനത്തെ എത്രത്തോളം വിശ്വസിക്കാനാകും?

ഈ ചോദ്യം ഉയർത്തുന്നത് നിഷേധാത്മകത കൊണ്ടല്ല. മറിച്ച്, കോഴിക്കോട് ജില്ലയിലെ മാവൂർ തെങ്ങിലക്കടവ് മലബാർ കാൻസർ സെന്ററിനോട് സർക്കാർ കാണിച്ച അനാസ്ഥയിൽ നിന്നുയരുന്ന അസ്വസ്ഥതകളിൽ നിന്നാണ്. കെട്ടിടവും ഭൂമിയുമെല്ലാം തയാറാക്കി ഏൽപ്പിച്ചു കൊടുത്തിട്ടും അത് നശിപ്പിച്ചു കളഞ്ഞതിലുള്ള നൊമ്പരമാണ്.

യു.കെയിലും യു.എ.ഇയിലും ദീർഘകാലം സേവനമനുഷ്ഠിച്ച ഡോ. ഹഫ്സത്ത് കാദർകുട്ടി നയിച്ച ട്രസ്റ്റ്, 2010 ഡിസംബറിൽ ആറര ഏക്കർ സ്ഥലവും ആശുപത്രി കെട്ടിടവും സൗജന്യമായി കേരള സർക്കാറിന് കൈമാറിയതാണ്. ഒരേയൊരു നിബന്ധനയോടെ-കാൻസർ ചികിത്സയും ഗവേഷണവും ഉറപ്പാക്കണം. കൈയിൽ ഒരു പൈസ പോലുമില്ലാത്ത കാൻസർ രോഗികൾക്കും ആശ്വാസമേകണം.

അന്നത്തെ ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറാണ് ട്രസ്റ്റിൽ നിന്ന് ആശുപത്രി ഏറ്റുവാങ്ങിയത്. അപ്പോഴേക്കും സജീവമായിരുന്ന തലശ്ശേരിയിലെ കാൻസർ സെന്ററിന്റെ ഉപകേന്ദ്രമാക്കുമെന്നും തുടർന്ന് അത്യാധുനിക കാൻസർ ചികിത്സാ ഗവേഷണ കേന്ദ്രമാക്കി ഉയർത്തുമെന്നുമായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. പിന്നീട് സംഭവിച്ചത് കേരള ആരോഗ്യ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ അവഗണനകളിലൊന്നാണ്. ഇന്നിപ്പോൾ പതിനാറു വർഷം കഴിഞ്ഞു. സർക്കാർ ഏറ്റെടുത്ത ശേഷം ഒരു കാൻസർ രോഗിക്കും അവിടെ ചികിത്സ ലഭിച്ചില്ല. കെട്ടിടം കാടുമൂടി നശിച്ചു. വവ്വാലുകളും നായ്ക്കളും താവളമാക്കി. ഈയടുത്ത് അവിടം സന്ദർശിച്ചപ്പോൾ കേട്ട നാട്ടുകാരുടെ വാക്കുകൾ:

“ഇലക്ഷൻ വരുമ്പോൾ മാത്രം പ്രഖ്യാപനങ്ങൾ; പിന്നെ പൂർണ നിശ്ശബ്ദത, അവഗണന.”

1997ൽ ദുബൈയിൽ ആരംഭിച്ച ഒരു ജനകീയ സ്വപ്നമായിരുന്നു തെങ്ങിലക്കടവിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച് സെന്റർ. ‘ക്രാക് ദി ക്രാബ്’ എന്ന പ്രമേയത്തിൽ ദുബൈയിൽ നടന്ന ആദ്യ യോഗത്തിൽ മുഖ്യാതിഥി നടൻ സുനിൽ ദത്തായിരുന്നു. മലബാറിലെ രോഗികൾക്ക് തിരുവനന്തപുരത്തെ ആശ്രയിക്കേണ്ടിവന്ന കാലത്ത് ഉയർന്ന വലിയ പ്രതീക്ഷയായിരുന്നു ഈ സെന്റർ.

1998ൽ ജസ്റ്റിസ് ഫാത്തിമ ബീവി തറക്കല്ലിട്ടു; 2001ൽ ഗവർണർ ജസ്റ്റിസ് സുഖ്ദേവ് സിങ് കാങ് ഉദ്ഘാടനം ചെയ്തു. സൗജന്യ ചികിത്സയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണ,താമസ സൗകര്യവും-2010 വരെ യാതൊരു മുടക്കവുമില്ലാതെ ട്രസ്റ്റ് അത് നിറവേറ്റി. എന്നാൽ, റേഡിയേഷൻ യൂനിറ്റ് പോലുള്ള സാങ്കേതിക സൗകര്യങ്ങളുടെ ചെലവ് താങ്ങാനാവാതെ വന്നപ്പോൾ, ലാഭേച്ഛയില്ലാത്ത ചികിത്സ ഉറപ്പാക്കാൻ സർക്കാറിലേക്ക് ഏൽപിക്കുകയായിരുന്നു.

ഒരുപാട് മത- സാംസ്‌കാരിക സംഘടനകൾ താൽപര്യമറിയിച്ച് മുന്നോട്ടുവന്നിട്ടും പാവപ്പെട്ടവർക്ക് എന്നും സൗജന്യ ചികിത്സ കിട്ടണമെന്ന ആശയിലാണ് അന്ന് ഡോ. ഹഫ്സത്ത് അത് സർക്കാറിനുതന്നെ കൈമാറിയത്. ആ കൈമാറ്റമാണ് സ്ഥാപനത്തിന്റെ മരണമണിയായത്.

തുടർന്ന് നാലു വർഷത്തിനുശേഷം മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലിനെ തുടർന്ന് 2014ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു; കേന്ദ്ര ടേർഷ്യറി കാൻസർ സെന്റർ സ്കീമിലേക്ക് പ്രപ്പോസൽ നൽകി.

സ്ഥലം എം.എൽ.എ പി.ടി.എ. റഹീം നിരന്തരം, സെന്റർ സംബന്ധിച്ച ചോദ്യങ്ങൾ നിയമസഭയിൽ ഉയർത്തി. ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ പ്രവർത്തനക്ഷമമാക്കുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തതായി വാർത്ത വന്നെങ്കിലും നൂറുനാൾ കഴിഞ്ഞിട്ടും ഒരനക്കവുമില്ല.

ജനുവരി അവസാന വാരം പി.ടി.എ. റഹീം വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിച്ചിരുന്നു. പ്രപ്പോസൽ ഇന്നലെയുടെ തലേന്ന് ലഭിച്ചിട്ടേയുള്ളു ,തീരുമാനം വരുമെന്ന് ആരോഗ്യമന്ത്രി മറുപടിയും പറഞ്ഞു. 2022ലെടുത്ത തീരുമാനങ്ങൾപോലും ഇന്നും നടപ്പായിട്ടില്ല എന്നിരിക്കെ ഈ താമസങ്ങളിലൊരു അത്ഭുതവുമില്ല.

ഒരു ഘട്ടത്തിൽ ഡോ. ഹഫ്സത്ത് കാദർകുട്ടി കോടതിയിലേക്ക് നീങ്ങാൻ ഒരുങ്ങിയതാണ്. “സർക്കാറിന് പ്രവർത്തിപ്പിക്കാൻ താൽപര്യമില്ലെങ്കിൽ തിരികെ തരിക; ഞങ്ങൾ തന്നെ നടത്താം”-അത് ഡോ. ഹഫ്സത്തിന്റെ രാഷ്ട്രീയ ആവശ്യമല്ലായിരുന്നു; മനുഷ്യാവകാശ ചോദ്യമായിരുന്നു. ഇടക്ക് ഡോ. ഹഫ്സത്ത് കാദർകുട്ടിയെ നേരിൽക്കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴും സർക്കാർ ഇത് വികസിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിൽ തന്നെയായിരുന്നു അവർ. പക്ഷേ, ഒന്നും നടന്നില്ല.

അതുകൊണ്ടാണ് തെങ്ങിലക്കടവിൽ പറന്നുനടക്കുന്ന വവ്വാലുകൾക്കിടയിൽനിന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചേവായൂരിലെ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനത്തെ സംശയത്തോടെ നോക്കുന്നത്. സർക്കാറിനോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ: തെറ്റുകളിൽ നിന്ന് പാഠം പഠിക്കണം; ഓർക്കണം.

തെങ്ങിലക്കടവ് കാൻസർ സെന്റർ പ്രവർത്തനക്ഷമമാക്കി, വിശ്വാസം തിരികെപ്പിടിക്കണം. വെറുതെ കിട്ടിയ ഒരു ആശുപത്രി പോലും നടത്താൻ കഴിയാത്ത ഭരണകൂടം വലിയ ആരോഗ്യ സ്വപ്നങ്ങൾ പ്രഖ്യാപിക്കുമ്പോൾ ജനം സംശയിക്കുക സ്വാഭാവികമാണ്.

hktabdurabb@gmail.com

(യു.എ.ഇയിൽ മാധ്യമപ്രവർത്തകനായ ലേഖകൻ സർക്കാർ ഏറ്റെടുക്കുന്നതിന് മുൻപ് തെങ്ങിലക്കടവ് കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer CentreelectionChevayur
News Summary - Chevayur and Thengilakkadav cancer centre
Next Story