ചടയമംഗലം: ഇടത് കോട്ടയിൽ കടുത്തപോര്
text_fieldsജെ. ചിഞ്ചുറാണി
ചടയമംഗലം: ജില്ലയിലെ കിഴക്കൻ മേഖലയിലെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയെന്നറിയപ്പെടുന്ന മണ്ഡലമാണ് ചടയമംഗലം. സി.പി.ഐയുടെ ഉറച്ച സീറ്റുകളിലൊന്ന്. ആ കോട്ടയിൽ പക്ഷേ, ഇത്തവണ ശക്തമായ പോരാട്ടമാണ്. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ, പത്തനാപുരം താലൂക്കിലെ അലയമൺ പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. 1957 മുതല്‍ 2021 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമേ സി.പി.ഐക്ക് മണ്ഡലം നഷ്ടപ്പെട്ടിട്ടുള്ളൂ.
നിലവിലെ എം.എൽ.എയും മന്ത്രിയുമായ ജെ. ചിഞ്ചുറാണിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 2021ൽ ജെ. ചിഞ്ചുറാണിയുടെ പിന്നിൽ മണ്ഡലത്തിൽ രണ്ടാമനായ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. മുൻ കോൺഗ്രസ് നേതാവ് ആർ.എസ്. അരുൺരാജാണ് ബി.ജെ.പി സ്ഥാനാർഥി. എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ജില്ല വൈസ് പ്രസിഡന്റ് ഷറാഫത്തും മത്സരിക്കുന്നുണ്ട്.
1957ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ വെളിയം ഭാർഗവനാണ് ചടയമംഗലം നിയോജകമണ്ഡലത്തിലെ ആദ്യത്തെ എം.എല്‍.എ. 1960 അദ്ദേഹം വിജയം ആവര്‍ത്തിച്ചു.
1982 മുതൽ 1991 വരെ രണ്ട് തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ കെ.ആർ. ചന്ദ്രമോഹനനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991ൽ സി.പി.ഐയിലെ ഇ. രാജേന്ദ്രൻ കോൺഗ്രസിലെ എ. ഹിദുർ മുഹമ്മദിനെ പരാജപ്പെടുത്തി. 1996ൽ സി.പി.ഐയിലെ ആർ. ലതാദേവി കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്‌ണനെ 2746 വോട്ടിന് പരാജയപ്പെടുത്തി. എന്നാൽ 2001ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ലതാദേവിയെ 1919 വോട്ടിന് തോൽപിച്ചു. 2006ൽ സി.പി.ഐയിലെ മുല്ലക്കര രത്‌നാകരൻ പ്രയാർ ഗോപാലകൃഷ്‌ണനെ പരാജയപ്പെടുത്തി. 2011ലും 2016ലും മുല്ലക്കര രത്‌നാകരൻ വിജയിച്ചു. 2021ൽ ജെ. ചിഞ്ചുറാണി 67252 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി എം.എം. നസീറിന് 53,574 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി വിഷ്ണു പട്ടത്താനം 22, 238 വോട്ടുകൾ നേടിയിരുന്നു.
ജെ. ചിഞ്ചുറാണി (എൽ.ഡി.എഫ്)
രണ്ടാം പിണറായി സർക്കാറിൽ മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി. സി.പി.ഐ ദേശീയ കൗൺസിലംഗം, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻറ്, പൗള്‍ട്രി കോര്പറേഷൻ ചെയർപേഴ്സൺ, സി. അച്യുതമേനോൻ സഹകരണ ആശുപത്രി പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ഇരവിപുരം പഞ്ചായത്തംഗം, ജില്ല പഞ്ചായത്തംഗം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൊല്ലം കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എം.എം. നസീർ (യു.ഡി.എഫ്)
ഒമ്പത് വർഷമായി കെ.പി.സി.സി ജനറൽ സെക്രട്ടറി. കെ.പി.സി.സി ജോയന്റ് സെക്രട്ടറി, , കെ.എസ്.യു കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, നിലമേൽ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരള യൂനിവേഴ്സിറ്റി സെനറ്റ് മെമ്പർ എന്നീ പദവികൾ വഹിച്ചു. നിലമേൽ പഞ്ചായത്ത് പ്രതിപക്ഷനേതാവ്, നിലമേൽ കാർഷിക വികസന സഹകരണ സംഘം പ്രസിഡന്റ് നിലകളിലും പ്രവർത്തിച്ചു.
ആർ.എസ്. അരുൺ രാജ് (എൻ.ഡി.എ)
ചടയമംഗലം സ്വദേശി. 32 വർഷം കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഈ തെരഞ്ഞെടുപ്പോടെയാണ് ബി.ജെ.പിയിൽ ചേർന്നത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
2021 വോട്ടുനില
ജെ. ചിഞ്ചുറാണി (സി.പി.ഐ) 67252
എം.എം. നസീർ (കോൺഗ്രസ്) 53574
വിഷ്ണു പട്ടത്താനം (ബി.ജെ.പി) 22,238
2016 വോട്ടുനില
മുല്ലക്കര രത്‌നാകരൻ (സി.പി.ഐ) 71,262
എം.എം. ഹസൻ (കോൺഗ്രസ്) 49,334
കെ. ശിവദാസൻ (ബി.ജെ.പി) 19,259
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

