അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നു -രാഹുൽ ഗാന്ധി
text_fieldsകൽപറ്റ: അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി എം.പി. സി.ബി.ഐ ഉൾപ്പെടെ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ സമ്മർദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ്. വ്യക്തിപരായി എനിക്കും നിരവധി നേതാക്കൾക്കും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ഈ പ്രവണത അപകടമാണെന്നും അന്വേഷണ ഏജൻസികളെ തകർക്കലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ രാജി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒത്തൊരുമയാണ് രാജ്യത്തിെൻറ ശക്തി. ബി.ജെ.പിയുടേതുപോലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് രാജ്യത്തിെൻറ ശത്രുക്കൾക്കേ സഹായകരമാകൂ. 12,000 ചതുരശ്ര അടിയിലധികം പ്രദേശം ചൈന കൈവശപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് കള്ളം പറയുകയാണ്. രാജ്യത്തിെൻറ ഭൂപ്രദേശം ആരും കൈയേറിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അടിസ്ഥാന ഘടനയെ തകർക്കുന്നതിലൂടെ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു.