സി.ബി.എസ്.ഇ ത്രിഭാഷ നയം അറബിയടക്കം ഭാഷകൾക്ക് വെല്ലുവിളിയെന്ന് ആശങ്ക
text_fieldsകോഴിക്കോട്: രാജ്യത്തെ സി.ബി.എസ്.ഇ സ്കൂളുകളിൽ ജൂൺ ഒന്നിന് പ്രാബല്യത്തിൽവരുന്ന ത്രിഭാഷ പഠന രീതി അറബിയടക്കമുള്ള ഭാഷകൾക്ക് വെല്ലുവിളിയാകുമെന്ന് ആശങ്ക. ദേശീയ വിദ്യാഭ്യാസ നയം, ദേശീയ പാഠ്യപദ്ധതി രൂപരേഖ, എൻ.സി.ഇ.ആർ.ടി പുതിയ സിലബസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇ പുതിയ മാറ്റം നടപ്പാക്കുന്നത്. സർക്കുലർ പ്രകാരം ഒമ്പത്,10 ക്ലാസുകളിൽ പഠിക്കണമെന്ന് നിർബന്ധമാക്കിയ മൂന്ന് ഭാഷകളിൽ, രണ്ട് ഇന്ത്യൻ ഭാഷകളും ഒന്ന് വിദേശ ഭാഷയുമായിരിക്കണം.
സി.ബി.എസ്.ഇ വിദേശ ഭാഷയായി അറബിക്, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, സ്പാനിഷ്, റഷ്യൻ, പേർഷ്യൻ, ചൈനീസ് എന്നീ ഭാഷകളെയാണ് പരാമർശിക്കുന്നത്. ത്രിഭാഷ നയം നടപ്പായാൽ അറബിയടക്കമുള്ള ഭാഷകൾ പുറത്താകുമോ എന്ന ആശങ്കയാണ് വിദ്യാർഥികളും അധ്യാപകരും പങ്കുവെക്കുന്നത്. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ ഭാഷാനയം വെല്ലുവിളിയാകുമെന്ന ഭീതിയുമുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ വലിയൊരു വിഭാഗം ‘റീജനൽ ലാംഗ്വേജാ’യി അറബിയാണ് പഠിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ ഇതേ ഭാഷാ പഠനം തുടരാൻ സാധിക്കുമോയെന്നാണ് സംശയം. നിലവിൽ നിരവധി സി.ബി.എസ്.ഇ സ്കൂളുകളിൽ അറബി രണ്ടാം ഭാഷയായി പഠിപ്പിച്ചുവരുന്നുണ്ട്.
പുതിയ വിദ്യാഭ്യാസ ഘടനയിൽ ഭാഷകളെ ആർ1, ആർ2, ആർ3 എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. സർക്കുലർ പ്രകാരം ആർ3ക്ക് ബോർഡ് പരീക്ഷയുണ്ടാകില്ല. പകരം ഇന്റേണൽ മാർക്ക് മാത്രമായിരിക്കും. സി.ബി.എസ്.ഇ സ്കൂളുകളിൽ ആർ1 ആയി പഠിപ്പിക്കുന്നത് ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷ് ഇന്ത്യൻ ഭാഷയാണോ എന്നതിൽ സി.ബി.എസ്.ഇ അധികൃതർ വ്യക്തത വരുത്തിയാൽ ഈ ആശങ്കകൾക്ക് പരിഹാരമാകുമെന്ന് അറബിക് ടെക്സ്റ്റ് ബുക്ക് റിവിഷൻ കമ്മിറ്റി, അറബിക് കമ്മിറ്റി ഓഫ് കോഴ്സ് അംഗമായ എം. ജൗഹർ പറയുന്നു.
ഇംഗ്ലീഷ് ഇന്ത്യൻ ഭാഷയായി കണക്കാക്കുന്നില്ല എങ്കിൽ അറബി, ഫ്രഞ്ച്, ജർമൻ തുടങ്ങിയ വിദേശ ഭാഷകൾക്ക് പ്രശ്നം വരുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഗൾഫിലെ സ്കൂളുകൾക്ക് ഇക്കാര്യത്തിൽ ഇളവു കൊടുത്തിട്ടുണ്ട്. അറബിക്ക് മാത്രമല്ല, പുതിയ ഭാഷാനയത്തിൽ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടുതൽ പ്രാധാന്യം കിട്ടുന്നതോടെ മലയാളം പിന്നോട്ടാകും. ആർ1, ആർ2, ആർ3 ഭാഷകളുടെ പാറ്റേണിൽ മലയാളം ആർ3യിലേക്ക് മാറ്റുന്നതോടെയാണ് പ്രാധാന്യം കുറയുന്നത്. സർക്കാറിന്റെ ശ്രദ്ധയിൽ വരേണ്ട വിഷയമാണിത്.
ത്രിഭാഷാ നയം കൂടുതൽ വെല്ലുവിളിയാവുക ഉത്തരേന്ത്യയിലാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ നാലു ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ ഹിന്ദിയും ഇംഗ്ലീഷും അടക്കം രണ്ടു ഭാഷകളേയുളളൂ. അവർക്ക് പുതിയ ഭാഷ പഠിപ്പിക്കേണ്ടിവരികയാണ്. കേരളത്തിൽ നാലു ഭാഷകളിൽ ഒന്നിന് പ്രാധാന്യം കുറയുന്നു. അറബി പോലെ പല സ്കൂളുകളിലും ഫ്രഞ്ച്, ജർമൻ, സംസ്കൃതം ഭാഷകൾ പഠിപ്പിക്കുന്നുണ്ട്.
ഹിന്ദിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനുള്ള ശ്രമത്തിൽ മറ്റൊരു ഭാഷ പിന്നിലായിപ്പോകുന്നു എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

